മലപ്പുറം: വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ കരാട്ടെ പരിശീലിപ്പിക്കുന്ന അദ്ധ്യാപകൻ പൊലീസ് പിടിയിലായി. ഊർക്കടവ് വലിയാട്ട് വി സിദ്ദിഖ് അലി (45) ആണ് അറസ്റ്റിലായത്. വാഴക്കാട് സ്റ്റേഷൻ പരിധിയിൽ പ്രതി നടത്തി കൊണ്ടിരുന്ന കരാട്ടെ ക്ലാസ്സിൽ പരിശീലനത്തിനെത്തിയ വിദ്യാർത്ഥിനിക്ക് നേരേ നിരന്തരമായി ലൈംഗികാതിക്രമം നടത്തിയിരുന്നു.

സഹികെട്ട് വിദ്യാർത്ഥിനി മലപ്പുറം ചൈൽഡ് ലൈനിൽ പരാതി നൽകി. തുടരന്വേഷണത്തിനായി ചൈൽഡ് ലൈൻ അധികൃതർ പരാതി വാഴക്കാട് പൊലീസിന് കൈമാറി. പരാതിക്കാരിയുടെ മൊഴിയെടുത്ത ശേഷം തിങ്കളാഴ്ച കരാട്ടെ ക്ലാസ്സിൽ വെച്ച് പ്രതിയെ വാഴക്കാട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മലപ്പുറം പോക്‌സോ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.