പറവൂർ: കോളേജ് വിദ്യാർത്ഥിനിയുടെ മാലപൊട്ടിച്ച് കടന്നു കളഞ്ഞ യുവതി പിടിയിൽ. ആലങ്ങാട് പനായിക്കുളം ആനോട്ടി പറമ്പിൽ വീട്ടിൽ ഷഹബാനത്ത് (24) നെയാണ് നോർത്ത് പറവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

കോട്ടുവള്ളി പൊക്കത്ത് അമ്പലത്തിന് സമീപം വച്ചാണ് സംഭവം. കൂട്ടുകാരിയുടെ കൂടെ നടന്നു പോവുകയായിരുന്ന വിദ്യാർത്ഥിനിയോട് വഴി ചോദിക്കുകയും സംസാരിക്കുന്നതിനിടയിൽ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.

ജാക്കറ്റും ഹെൽമറ്റും ധരിച്ചാണ് ഷഹബാനത്ത് എത്തിയത്. പഴങ്ങാട്ട് വെളിയിൽ നിന്നുമാണ് യുവതിയെ പൊലീസ് പിടികൂടിയത്.സമാനകുറ്റകൃത്യത്തിന് ഷഹബാനത്ത് മുമ്പും പൊലീസ് പിടിയിലായിട്ടുണ്ട്.

അന്വേഷണ സംഘത്തിൽ എസ്‌ഐ പ്രശാന്ത് പി.നായർ, എഎസ്ഐ വി.എ.അഭിലാഷ്, എസ്.സി.പി.ഒമാരയ ബിന്ദുരാജ്, ജി.എസ്.ചിത്ര, പി.ജെ.സ്വപ്ന എന്നിവരാണ് ഉണ്ടായിരുന്നത്