- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഡ്നാപ്പിങ്ങും തടങ്കലിൽ പാർപ്പിക്കലുമായി പൊന്നാനിയിൽ മണൽ മാഫിയ സംഘങ്ങൾ; കുടിപ്പകയ്ക്ക് കടിഞ്ഞാൺ ഇടാൻ ഉറച്ച് പൊലീസ്; രണ്ടുസംഘങ്ങളിലെ നാലു പേർ അറസ്റ്റിൽ; ഒരു ലോറിയും മൂന്നു കാറുകളും കസ്റ്റഡിയിൽ
മലപ്പുറം: മലപ്പുറം പൊന്നാനിയിൽ മണൽമാഫിയയുടെ കുടിപ്പകക്ക് കൂച്ചുവിലങ്ങിട്ട് പൊലീസ്. സംഭവത്തിൽ ഇരു വിഭാഗങ്ങളിലും പെട്ട നാലു പേർ അറസ്റ്റിൽ. ഒരു ലോറിയും, മൂന്ന് കാറുകളും പിടിച്ചെടുത്തു. മണൽ മാഫിയ സംഘങ്ങളുടെ വിളയാട്ടം തെരുവിലേക്കെത്തിയതോടെയാണ് പൊലീസും ശക്തമായ ഇടപെടൽ നടത്തിയത്.
സംഘാംഗങ്ങളിലൊരാളെ തട്ടിക്കൊണ്ട് പോയി ഒരു രാത്രി മുഴുവൻ തടങ്കലിൽ പാർപ്പിച്ചു. സംഭവത്തിൽ ഇരു വിഭാഗങ്ങളിലും പെട്ട നാലു പേരെ അറസ്റ്റ് ചെയ്തതോടൊപ്പം തന്നെ ഒരു ലോറിയും, മൂന്ന് കാറുകളും പൊലീസ് പിടിച്ചെടുത്തു. തവനൂർ അതളൂർ സ്വദേശി പാലക്കൽ നജീബ് (28), നരിപ്പറമ്പ് കോലോത്തും പറമ്പിൽ സുബൈർ (34), അതളൂർ പാലക്കൽ സമീർ (31), പൊന്നാനി കുറ്റിക്കാട് പുളിക്കത്തയിൽ ജംഷാദ് (27) എന്നിവരെയാണ് പൊന്നാനി സിഐ വിനോദ് വലിയാറ്റൂർ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പാലക്കൽ നജീബിനെ പിടിയിലായ ജംഷാദും, സമീറും ചേർന്ന് തട്ടിക്കൊണ്ട് പോവുകയായിരുന്നു. ജംഷാദിന്റെ ലോറി ദിവസങ്ങൾക്ക് മുമ്പ് കാണാതായിരുന്നു.ഇത് തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ വെച്ച് കണ്ടെത്തിയിരുന്നു. ലോറി തട്ടിയെടുത്തതും, മണൽ കടത്തിന്റെ വിവരം പൊലീസിന് കൈമാറുന്നതും നജീബാണെന്ന് പറഞ്ഞാണ് ജംഷാദും സംഘവും, നജീബിനെ തട്ടിക്കൊണ്ട് പോകാൻ തീരുമാനിച്ചത്.കഴിഞ്ഞ ദിവസം പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ വെച്ച് തട്ടിക്കൊണ്ട് പോവുകയുമായിരുന്നു.
പൊന്നാനി താലൂക്ക് കേന്ദ്രീകരിച്ചുള്ള മണൽ കടത്തിന്റെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു.നേരത്തെ ഇവരുടെ കൂടെയുള്ള തൊഴിലാളികളെ മാത്രമാണ് പിടികൂടാൻ കഴിഞ്ഞിരുന്നത്. കേസുകളിൽ നിന്ന് പ്രധാന കണ്ണികൾ പലപ്പോഴും രക്ഷപ്പെട്ട് പോകാറാണ് പതിവ്. ഇവർക്ക് ലഹരിമരുന്ന് ഇടപാടുകാരുമായി ബന്ധമുണ്ടെന്ന് സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു.ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരമാണ് നാല് പേരും അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു
മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്