അങ്കമാലി : കറുകുറ്റിയിൽ 225 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഒരാൾ കൂടി പിടിയിൽ. പെരുമ്പാവൂർ കണ്ടന്തറ പുളിക്കക്കുടി വീട്ടിൽ അബു താഹിർ (സവാള 31) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്. ആന്ധ്രയിൽ നിന്നും കൊണ്ടുവരുന്ന കഞ്ചാവ് ഒന്നാം പ്രതിയായ അനസിനൊപ്പം ചേർന്ന് കേരളത്തിന്റെ വിവിധയിടങ്ങളിൽ എത്തിക്കുന്നത് ഇയാളാണ്.

നിരവധി പ്രാവശ്യം അബുതാഹിർ ഇങ്ങനെ വിതരണം ചെയ്തിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തുന്നതിനിടയിലാണ് പ്രതി പിടിയിലാകുന്നത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.

കഴിഞ്ഞ നവംബർ 8 ന് ആണ് ആന്ധ്രയിലെ പഡേരുവിൽ നിന്നും രണ്ട് കാറുകളിൽ കടത്തുകയായിരുന്ന 225 കിലോ കഞ്ചാവ് കറുകുറ്റിയിൽ വച്ച് ഡാൻസാഫ് ടീമും അങ്കമാലി പൊലീസും ചേർന്ന് പിടികൂടിയത്. അനസ്, ഫൈസൽ, വർഷ എന്നിവർ ചേർന്നാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്.