മലപ്പുറം: കുഴൽപണം കടത്തിയ വാഹനം തടഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന് 80 ലക്ഷം കവർച്ച ചെയ്ത സംഘത്തിലെ മൂന്നു പേർ പിടിയിൽ. തിരുരങ്ങാടി സ്വദേശി കോണിയത്ത് വീട്ടിൽ നൗഷാദ് (34), തിരൂരങ്ങാടി വെട്ടിയാട്ടിൽ വീട്ടിൽ മുഹമ്മദ് മുസ്തഫ (24) ,മങ്കട വെള്ളില സ്വദേശി മുരിങ്ങാ പറമ്പിൽ ബിജേഷ് (28)എന്നിവരേയാണ് മലപ്പുറം ഇൻസ്പക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.

കഴിഞ്ഞ നവംബർ 26ന് മലപ്പുറം കോഡൂരിലാണ് സംഭവം നടന്നത്. സംഭവ ദിവസം നാലോളം വാഹനങ്ങളിലായി പൊലീസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന എത്തിയ പ്രതികൾ കുഴൽപ്പണം കടത്തുകയായിരുന്ന വാഹനം തടഞ്ഞ് തട്ടിക്കൊണ്ടു പോയി കവർച്ച നടത്തുകയായിരുന്നു. സംഘത്തിൽ ഉൾപ്പെട്ട എറണാകുളം സ്വദേശി സതീഷിനെ ഒരാഴ്ച മുൻപ് അറസ്റ്റു ചെയ്തിരുന്നു.

വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച വാഹനങ്ങളിലാണ് ഇവർ കവർച്ചക്ക് എത്തിയത്. പിടിയിലായവരെ ചോദ്യം ചെയ്തതിൽ കവർച്ചയ്ക്ക് രണ്ട് ദിവസം മുൻപ് ഒരു റിഹേഴ്സൽ നടത്തിയതായും വ്യക്തമായിട്ടുണ്ട്. കവർച്ചക്ക് നേതൃത്വം നൽകിയ സംഘത്തലവൻ നിലമ്പൂർ സ്വദേശി സിറിൽ മാത്യു ഉൾപ്പെടെ കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളെ കുറിച്ചും പൊലീസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.

സംഭവത്തിനു ശേഷം നിലമ്പൂരിലെ സംഘത്തലവന്റെ ഓഫീസ് പ്രവർത്തിക്കുന്ന പഴയ വീട്ടിൽ എത്തി പണം എല്ലാവർക്കും വീതിച്ചു നൽകിയ ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. മലപ്പുറം പൊലീസ് മേധാവി എസ്.സുജിത്ത് ദാസ് കജട നു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം ഡി.വൈ.എസ്‌പി: പ്രദീപിന്റെ നിർദ്ദേശപ്രകാരം മലപ്പുറം ഇൻസ്പക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വോഷണ സംഘങ്ങളായ പി.സഞ്ജീവ്, പി..സലീം, കെ. ദിനേശ്, ആർ .സഹേഷ്, കെ.പി. ഹമീദലി, സി..രജീഷ് ,കെ. .ജസീർ, എം. ഗിരീഷ് എന്നിവരാണ് പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്.