കോഴിക്കോട്: വെസ്റ്റ് ബംഗാൾ സ്വദേശിയിൽ നിന്നും സ്വർണം കവർന്ന കേസിലെ മൂന്ന് പ്രതികൾ കൂടി പൊലീസ് പിടിയിലായി. ചേളന്നൂർ ഇരുവള്ളൂർ തായാട്ടു കണ്ടിയിൽ പത്മേഷ് എന്ന ഉണ്ണി (40), പുനൂർ കക്കാട്ടുമ്മൽ താമസിക്കും കൊല്ലരിക്കൽ തേക്കിൻ തോട്ടം നെല്ലിക്കൽ മുഹമ്മദ് ഷാറൂഖ് (34), ഇപ്പോൾ ഫ്രാൻസിസ് റോഡ് കുത്ത്ക്കല്ല് വളപ്പിൽ കോളനി താമസിക്കും വെസ്റ്റ് ബംഗാൾ ഹൊജവട്ട നിയാഖത്ത് (36) എന്നിവരെയാണ് കസബ പൊലീസ് ഇൻസ്‌പെക്ടർ എൻ പ്രജീഷിന്റെ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും കസബ പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.

സെപ്റ്റംബർ 20 നു രാത്രി ലിങ്ക് റോഡിലുള്ള തന്റെ സ്വർണ്ണ ഉരുക്ക് ശാലയിൽ നിന്നും മാങ്കാവിലേക്ക് 1.200 കിലോഗ്രാം സ്വർണവുമായി പോയ റംസാനെ ബൈക്കിലെത്തിയ എട്ടംഘ സംഘം കണ്ടംകുളം ജൂബിലി ഹാളിനു സമീപം വെച്ച് അക്രമിച്ച് സ്വർണം കവർന്നെടുത്തിരുന്നു. വെസ്റ്റ് ബംഗാളിലെ വർധമാൻ സ്വദേശിയായ റംസാൻ അലി കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി കോഴിക്കോട് താമസിച്ച് സ്വർണ ആഭരണ നിർമ്മാണ പ്രവൃത്തി ചെയ്തു വരികയായിരുന്നു.

ജില്ല പൊലീസ് മേധാവി ഡിഐജി എവി ജോർജിന്റെ നിർദ്ദേശാനുസരണം ഡപ്യൂട്ടി പൊലീസ് കമ്മീഷണർ സ്വപ്നിൽ എം മഹാജന്റെ മേൽനോട്ടത്തിൽ ടൗൺ അസിസ്റ്റന്റ് കമ്മീഷണർ ബിജുരാജിന്റെ നേതൃത്വ ത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. കക്കോടി മൂട്ടോളി സ്വദേശി ലത്തീഷ്, പയ്യാനക്കൽ തെക്കഞ്ചീരി വീട്ടിൽകമ്പി വാവ എന്ന ജിനിത്ത്, കൊമ്മേരി മുക്കുണ്ണിത്താഴം വീട്ടിൽ ജമാൽ ഫാരിഷ്, പന്നിയങ്കര കീലക്കാട്ട് നിലം പറമ്പിൽ ഷംസുദ്ദീൻ, കാസർഗോഡ് കുന്താർ പോക്കറടുക്ക വീട്ടിൽ മുഹമ്മദ് നൗഷാദ്, ചാമുണ്ടിവളപ്പിൽ സ്വദേശി ജംഷീർ, കോട്ടൂളി പൈപ്പ് ലൈൻ റോഡിലെ അമ്പല നിലത്ത് വീട്ടിൽ എൻ പി ഷിബി, മാളിക്കടവ് മുലാടത്ത് ഷൈസിത്ത്, മൊകേരി വടയത്ത് മരം വീട്ടിൽ നിജീഷ് എന്നിവരുൾപ്പെടെ പന്ത്രണ്ട് പ്രതികളെ പ്രത്യേക അന്വേഷണ സംഘം നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

ബംഗാൾ സ്വദേശിയായ നിയാഖത്ത് കഴിഞ്ഞ ഇരുപത് വർഷത്തോളമായി കോഴിക്കോട് കമ്മത്ത് ലൈനിൽ സ്വർണ ബിസിനസ്സ് നടത്തി വരികയായിരു ന്നു. നിയാഖത്തിന് ബിസിനസ്സ് പങ്കാളിയായിരുന്നു റംസാൻ. പിന്നീട് ഇവർ വേർപ്പിരികയും സ്വന്തമായി ബിസിനസ്സ് നടത്തിവരികയും ചെയ്തു. റംസാന്റെ ബിസിനസ്സ് വളർച്ച നിയാഖത്തിന്റെ ബിസിനസ്സിൽ ബാധിച്ചിരുന്നതിനാൽ നിയാഖത്തും സുഹൃത്തും ചേർന്ന് റംസാന്റെ ബിസിനസ് തകർക്കാൻ ഒരുക്കിയ പദ്ധതിയിൽ മറ്റു സുഹൃത്തുക്കളായ പത്മേഷിനെയും ഫാറൂഖിനെയും ഉൾപ്പെടുത്തുകയായിരുന്നു. തുടർന്ന് ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് സ്വർണം തട്ടിയ ശേഷം പ്രതികൾ രക്ഷപ്പെടുകയുമായിരുന്നു.

മൊബൈൽ ഫോൺ ഉപയോഗിക്കാതെ ബാഗ്ലൂരിൽ നിന്നും കൊണ്ടുവന്ന 'വാക്കി ടോക്കി' ഉപയോഗിച്ചാണ് പ്രതികൾ സന്ദേശം കൈമാറിയിരുന്നത്. റംസാൻ സ്വർണവുമായി മാങ്കാവിലേക്ക് പോകുന്നത് ക്വട്ടേഷൻ സംഘത്തിന് കാണിച്ചു കൊടുത്തത് പത്മേഷും ഫാറൂഖും ചേർന്നായിരുന്നു. കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ മനോജ്എടയേടത്ത്, കെ അബ്ദുൾ റഹിമാൻ, കെപി മഹീഷ്, ഷാലു മുതിരപറമ്പിൽ, മഹേഷ് പൂക്കാട്, സി കെ സുജിത്ത്, ഷാഫി പറമ്പത്ത്, എ പ്രശാന്ത് കുമാർ, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി കസബ പൊലീസ് സ്റ്റേഷനിലെ സബ്ബ് ഇൻസ് പെക്ടർ അനീഷ്, ഡ്രൈവർ സിപിഒ ടി കെ വിഷ്ണുപ്രഭ എന്നിവർ ചേർന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.