വാളയാർ: കെഎസ്ആർടിസി ബസിൽ കടത്തിയ 23 കിലോ കഞ്ചാവുമായി രണ്ട് പേരെ എക്‌സൈസ് സംഘം വാളയാറിൽ പിടികൂടി. മലപ്പുറം വളാഞ്ചേരി കൂട്ടിലങ്ങാടി പള്ളിക്കാട് വീട്ടിൽ അനൂപ്(34), തമിഴ്‌നാട് സേലം സ്വദേശി സൂര്യമുരുകൻ(20)എന്നിവരെയാണ് പിടിയിലായത്. ബുധനാഴ്ച രാത്രി 9.30നായിരുന്നു സംഭവം. എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനക്കിടെയാണ്, ബാഗിലാക്കി കടത്തിയ കഞ്ചാവ് കെ എസ്ആർടിസി ബസിൽനിന്ന് പിടികൂടിയത്.

ആന്ധ്രയിൽനിന്ന് കൊണ്ടുവന്ന കഞ്ചാവ് സേലത്തും തുടർന്ന് മലപ്പുറം, കൊപ്പം, വളാഞ്ചേരി എന്നിവിടങ്ങളിൽ ചെറിയ പൊതികളാക്കി വിൽക്കാനുമാണ് എത്തിച്ചതെന്ന് പ്രതികൾ എക്സൈസ് സംഘം ചോദ്യം ചെയ്തപ്പോൾ പറഞ്ഞു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഹാരിസിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ പി സുധീർ, പ്രിവന്റീവ് ഓഫീസർമാരായ മുഹമ്മദ് ഷെരീഫ്, സി ഷിബുകുമാർ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ പ്രവീൺ കെ വേണുഗോപാൽ, വി ദേവകുമാർ, ടി എസ് അനിൽകുമാർ, ആർ രജിത് എന്നിവരാണ് പരിശോധനാസംഘത്തിലുണ്ടായിരുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ അഞ്ചാം തവണയാണ് വാളയാർ എക്സൈസ് ചെക് പോസ്റ്റിൽ കഞ്ചാവ് പിടികൂടുന്നത്.