മലപ്പുറം: സുഹൃത്തിന്റെ ക്രിപ്റ്റോ കറൻസി അക്കൗണ്ടിൽ തട്ടിപ്പ് നടത്തി പണം കവർന്ന പ്രതി മലപ്പുറം സൈബർ പൊലീസിന്റെ പിടിയിൽ. പോത്തുകൽ ഭൂതാനം കോളനി സ്വദേശി വട്ടപറമ്പൻ യൂസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വർഷത്തോളമായി ക്രിപ്റ്റോ കറൻസി വ്യാപാരം നടത്തി വന്നിരുന്ന നിലമ്പൂർ പോത്തുകൽ വെളുമ്പിയംപാടം സ്വദേശി മുഹ്സിൻ ചോലകത്ത് എന്നയാളുടെ ക്രിപ്റ്റോ അക്കൗണ്ടിൽ തട്ടിപ്പ് നടത്തുകയും ഒന്നരക്കോടി രൂപയുടെ അന്യായ നഷ്ടമുണ്ടാക്കിയെന്ന പരാതിയെ തുടർന്നുമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

പരാതിയെ തുടർന്ന് പൊലീസ് സംഘം കേരളത്തിലും ബാംഗ്ലൂരിലുമായി നടത്തിയ അന്വേഷണത്തിലാണ് യൂസഫിനെ അറസ്റ്റ് ചെയ്തത്. യൂസഫ് മുഹ്സിനുമായി ആത്മബന്ധം സ്ഥാപിച്ച് അക്കൗണ്ടിന്റെ രഹസ്യ വിവരങ്ങൾ മനസ്സിലാക്കി തട്ടിപ്പ് നടത്തുകയായിരുന്നു. മലപ്പുറം ജില്ലയിലെ ആദ്യത്തെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് സംബന്ധിച്ച കണ്ടെത്തലാണിതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.