മൂന്നാർ: ഗുണ്ടുമല എസ്റ്റേറ്റിൽ ഇതര സംസ്ഥാന തൊഴിലാളിയെ മർദ്ദനമേറ്റ് മരിച്ച നിലയിൽ തേയില തോട്ടത്തിൽ കണ്ടെത്തി. ജാർഖണ്ഡ് സ്വദേശി സരൻ സോയ്(36)യുടെ മൃതദേഹമാണ് ഇന്ന് വൈകിട്ട് 3 മണിയോടെ കണ്ണൻ ദേവന്റെ ഗുണ്ടുമല എസ്റ്റേറ്റിൽ കണ്ടെത്തിയത്. ദേഹത്താകെ മർദ്ദനമേറ്റ പാടുകളുണ്ട്.

മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമെങ്കിലും ഉണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തോട്ടത്തിലെ ജോലിക്കാർക്കൊപ്പം താമസിച്ചിരുന്ന സരൻ സോയിയെ കാണാനില്ലന്ന് ഇന്ന് രാവിലെ കമ്പനി അധികൃതർ മൂന്നാർ പൊലീസിൽ പരാതി നൽകിയിരുന്നു.

ഇതെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി തിരച്ചിൽ നടത്തിയപ്പോഴാണ് തേയിലക്കാട്ടിൽ മൃതദേഹം കണ്ടെത്തിയത്. ഇയാളോടൊപ്പം താമസിച്ചിരുന്ന സബൂയി ചാമ്പിയ, ഷാദവ് ലാംഗ് എന്നിവർ ഒളിവിലാണെന്നും ഇവരെ കണ്ടെത്താൻ തിരച്ചിൽ നടത്തിവരികയാണെന്നും പൊലീസ് അറിയിച്ചു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് സംശയിക്കുന്നു.

മൃതദേഹം പൊലീസ് കാവലിൽ തേയിലത്തോട്ടത്തിൽ സൂക്ഷിച്ചിരിക്കുകയാണ്.നാളെ ഫോറൻസിക് വിദഗ്ധരുടെ പരിശോധനകൾക്കും തെളിവെടുപ്പിനും ശേഷം പോസ്റ്റുമോർട്ടം നടത്തും.