മലപ്പുറം: വീടിനുള്ളിൽ കയറി സ്ത്രീയെ കടന്നുപിടിച്ച് ലൈംഗിക അതിക്രമം നടത്താൻ ശ്രമിച്ച 17വയസ്സുകാരൻ പിടിയിൽ. ആരും ഇല്ലാത്ത സമയം നോക്കിയാണ് അയൽക്കാരനായ 17കാരൻ വീട്ടിലെത്തിയത്. സംഭവം മലപ്പുറത്ത് മമ്പാട് വെച്ച്.

സ്ത്രീയെ കടന്നുപിടിക്കുകയും ലൈംഗിക അതിക്രമം നടത്താൻ ശ്രമിക്കുകയും ചെയ്തതിന് പുറമെ മൊബൈൽ മോഷ്ടിക്കാനും പ്രതി ശ്രമിച്ചതായാണ് പരാതി. തന്നെ കയറിപിടിക്കുകയും മൊബൈലുകൾ മോഷ്ടിക്കാൻ ശ്രമം നടത്തുകയും ചെയ്തുവെന്ന് വീട്ടമ്മ മൊഴി നൽകി. ആക്രമണത്തിൽ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തോളെല്ല് പൊട്ടി. പുറത്തുപോയ ഭർത്താവ് തിരികെയെത്തിയപ്പോഴാണ് പരിക്കേറ്റ് അവശയായ നിലയിൽ വീട്ടമ്മയെ കണ്ടത്.

ഇവർ നൽകിയ രാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ പിടികൂടി. തുടർന്നു പൊലീസ് ചോദ്യം ചെയ്തതോടെ പ്രതി കുറ്റം സമ്മതിക്കുകയും ചെയ്തു. അതേസമയം, പ്രതി ലക്ഷ്യമിട്ടിരുന്നത് മോഷണമാണോ ലൈംഗിക അതിക്രമമാണോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. വീട്ടമ്മയുടെ ഭർത്താവ് രാവിലെ പള്ളിയിൽ പോയ സമയത്താണ് സംഭവമുണ്ടായത്. നാല് മക്കളും പുറത്തുപോയിരിക്കുകയായിരുന്നു.

വീട്ടമ്മയുടെ വീടിന് രണ്ടു കിലോമീറ്റർ ചുറ്റള്ളവിൽ താമസിക്കുന്ന പ്രതി ഏതാനും ദിവസം വീട് നിരീക്ഷണം നടത്തിയ ശേഷം ഇവർ തനിച്ചുള്ള സമയത്തേക്കു വീട്ടിലെത്തുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.