പറവൂർ: ഇതര സംസ്ഥാന തൊഴിലാളിയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ. കോട്ടുവള്ളി സ്വദേശികളായ ദേവസ്വം പറമ്പ് വീട്ടിൽ ഫഫിൻ (23), ഇലഞ്ഞിവേലിൽ വീട്ടിൽ ഏനോഷ് (24) എന്നിവരെയാണ് വരാപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. 24 ന് വൈകിട്ട് 7 മണിയോടെ വരാപ്പുഴയിലെ ബാറിലാണ് സംഭവം.

ബിയർ വാങ്ങാനെത്തിയ അതിഥി തൊഴിലാളിയായ അമിറുൾ ഹുസൈനെയാണ് ഇവർ ആക്രമിച്ച് മൊബൈൽ ഫോണുമായി കടന്നു കളഞ്ഞത്. കോട്ടുവള്ളി സൗത്തിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ പൊലീസ് സാഹസികമയാണ് പിടികൂടിയത്. രണ്ടു പേർക്കുമെതിരെ പറവൂർ സ്റ്റേഷനിൽ കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തിൽ എസ്.എച്ച്.ഒ എസ്.എസ്.സജീവ് കുമാർ, എസ് ഐ ഏ.ജി.സജീവ്, എ എസ് ഐ കെ.ടി.ജജീഷ്, എസ്.സി.പി.ഒ എസ്. വിജയകൃഷ്ണൻ സി.പി.ഒ മാരായ ഒ.എസ് ശ്രീജിത്ത്, വി.ഡി മുരുകേശൻ, എംപി സിജിത്, ഷിജു എന്നിവരാണ് ഉണ്ടായിരുന്നത്.