മുവാറ്റുപുഴ : മാല പൊട്ടിച്ച് കടന്ന കേസിൽ പൊലീസ് പിടികൂടുമെന്ന് കണ്ട് വേഷപ്രച്ഛന്നനായി പരാതിക്കാരിയായ വയോധികയുടെ വീട്ടിലെത്തി മാപ്പു പറയാനെത്തിയ തട്ടിപ്പുകാരനെ പൊലീസ് കയ്യോടെ പൊക്കി. ഇടുക്കി ഉടുമ്പന്നുർ കണിയ പറമ്പിൽ വീട്ടിൽ വിഷ്ണു പ്രസാദ് (29) നെയാണ് പിടികൂടിയത്.

രണ്ടാർകരയിലുള്ള പലചരക്കുകടയിൽ കഴിഞ്ഞ ശനിയാഴ്ച സാധനം വാങ്ങാൻ എന്ന വ്യാജേന ബൈക്കിൽ എത്തിയ ഇയാൾ നടത്തിപ്പുകാരിയായ വയോധികയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞശേഷം ഒന്നരപവൻ തൂക്കം വരുന്ന മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു. പൊലീസ് പിടികൂടുമെന്നായപ്പോൾ വേഷം മാറി വയോധികയോട് മാപ്പുപറഞ്ഞ് തടിയൂരുന്നതിന് കുടുംബ സഹിതം ഇയാൾ എത്തിയപ്പോൾ മൂവാറ്റുപുഴ പൊലീസ് വളഞ്ഞിട്ട് പിടികൂടുകയായിരുന്നു.

കേസ് രജിസ്റ്റർ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് മുവാറ്റുപുഴ ഇൻസ്പെക്ടർ സി.ജെ.മാർട്ടിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഇടുക്കി ഉടുമ്പന്നൂർ ഉള്ള മോഷ്ടാവിന്റെ വീട്ടിൽ എത്തുകയും ചെയ്തു. കുടുംബസമേതം വേളാങ്കണ്ണിക്ക് മുങ്ങിപോയ ഇയാളെ തിരക്കി ഭാര്യവീടായ വാഗമൺ ഭാഗത്തും പൊലീസ് അന്വേഷണം നടത്തിയിരുന്നു.

തന്നെ തിരിച്ചറിഞ്ഞതിനാൽ ഉടനെ പിടികൂടുമെന്ന് മനസിലാക്കിയ ഇയാൾ വേഷം മാറി ചെവ്വാഴ്ച മാല നഷ്ടപെട്ട ആളുടെ വീട്ടിൽ ക്ഷമ പറയാൻ കുടുംബസമേതം എത്തുകയായിരുന്നു. പിൻതുടർന്നെത്തിയ മുവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയതു.
ഇടുക്കി ഉപ്പുതറ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത മോഷണകേസിലെ പ്രതിയുമാണ് ഇയാൾ.