- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കട്ടപ്പനയിൽ കാറിടിച്ച് യാത്രക്കാരൻ മരിച്ച സംഭവം; ഉപ്പുതോട് സ്വദേശിയായ ഡ്രൈവർ പിടിയിൽ; 40 ദിവസത്തെ അന്വേഷണത്തിന് ഒടുവിൽ പിടിവള്ളിയായത് സിസിടിവി ദൃശ്യങ്ങൾ
വെള്ളയാംകുടി ലക്ഷം വീട് കോളനി മുണ്ടൻകുന്നേൽ കുഞ്ഞുമോൻ(53) ആണ് മരിച്ചത്. ഡിസംബർ 24ന് രാത്രിയിലാണ് വഴിയരികിലൂടെ നടന്ന് പോകുന്നതിനിടെ അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് മരിച്ചത്. റോഡരികിലെ ഓടയിൽ കിടന്നിരുന്ന കുഞ്ഞുമോന്റെ മൃതദേഹം രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് കണ്ടെത്താനായത്. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് വെള്ള നിറത്തിലുള്ള ഇയോൺ കാർ ഇടിച്ചാണ് മരിച്ചതെന്ന് വ്യക്തമായത്. ബന്ധുക്കളുടെ പരാതിയിൽ മൂന്നംഗ അന്വേഷണ സംഘം സമാന നിറത്തിലെ ഒട്ടനവധി ഇയോൺ കാറുകൾ പരിശോധിച്ചാണ് അവസാനം പ്രതിയിലേയ്ക്ക് എത്തിയത്.
സൈബർ വിദഗ്ധൻ അടങ്ങുന്ന 3 അംഗ അന്വേഷണ സംഘം 1700 ഓളം ഇയോൺ കാറുകളുടെ വിവരങ്ങൾ ശേഖരിച്ചു. 540 കാറുകൾ നേരിട്ട് പരിശോധിക്കുകയും ചെയ്തു. അപകടമുണ്ടായ ദിവസത്തെയടക്കം 55 സിസിടിവി ക്യാമറ ദൃശ്യങ്ങളും ശേഖരിച്ചിരുന്നു. പലതിലും കാർ കാണാനായെങ്കിലും നമ്പർ പ്ലേറ്റ് വ്യക്തമായിരുന്നില്ല. ഗൃഹനാഥന്റെ മരണത്തിന് പിന്നാലെ പൊലീസ് കേസ് എടുത്തുവെന്നറിഞ്ഞതോടെ പ്രതി തങ്കമണിയിൽ സുരക്ഷിതമായ സ്ഥലത്ത് കാർ ഒളിപ്പിച്ചു.
അപകട സമയത്ത് കാറിൽ ഉണ്ടായിരുന്ന തിരിച്ചറിയത്തക്ക വിധമുള്ള പ്രത്യേകതരം ബീഡിംഗും പ്രതി ഇളക്കി മാറ്റി. പെട്ടെന്ന് പിടിയിലാകാതെ ഇരിക്കുവാനാണ് പ്രതി ഇങ്ങനെ ചെയ്തതെന്ന് പൊലീസ് വ്യക്തമാക്കി. കട്ടപ്പന സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിനോദ് കുമാറിന് ലഭിച്ച വിവരത്തിലാണ് കാർ തങ്കമണിയിൽ നിന്ന് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി നിഖിലിനെയും പിടികൂടുകയായിരുന്നു. എസ്എച്ച്ഒ വിശാൽ ജോൺസൺ, പ്രിൻസിപ്പൽ എസ്ഐ കെ. ദിലീപ് കുമാർ എന്നിവർ അടങ്ങുന്ന സംഘം പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. കട്ടപ്പന ഡിവൈഎസ്‌പി വി.എ. നിഷാദ്മോന്റെ നിർദ്ദേശപ്രകാരമായിരുന്നു അന്വഷണം.
മറുനാടന് മലയാളി ലേഖകന്.