- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ള് ഷാപ്പിലിരുന്ന് വീരവാദം മുഴക്കി; വിലയും ഉറപ്പിച്ചു; നെടുങ്കണ്ടത്ത് പഞ്ചലോഹ വിഗ്രഹ മോഷണ കേസ് പ്രതികൾ അകത്ത്; സംഭവം ഇങ്ങനെ
നെടുങ്കണ്ടം: പഞ്ചലോഹ വിഗ്രഹമോഷണം തെളിയിക്കാൻ പൊലീസിന് തുണയായത് കള്ളുമൂത്ത മോഷ്ടാക്കളിൽ ഒരാൾ ഷാപ്പിലിരുന്ന് സുഹൃത്തിനോട് നടത്തിയ വെളിപ്പെടുത്തൽ. പോത്തിൻകണ്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണ കേസിലാണ് മോഷ്ടാവിന്റെ വെളിപ്പെടുത്തൽ പൊലീസിന് ഗുണം ചെയ്തത്. പ്രതികൾ അറസ്റ്റിലായി.
സംഭവത്തിൽ അന്യാർതൊളു ആനിവേലിൽ ശശി (പ്രസാദ് 48), കൽത്തൊട്ടി കാനാട്ട് റജി ജോസഫ് (48) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ:
കഴിഞ്ഞ ദിവസം ഷാപ്പിൽ മദ്യപിക്കുന്നതിനിടെ ശശി സുഹൃത്തായ ചേറ്റുകുഴി സ്വദേശിയോട് പഞ്ചലോഹവിഗ്രഹം മോഷ്ടിച്ച വിവരം പറഞ്ഞു. വിറ്റാൽ 50000 രൂപ കിട്ടും, സുഹൃത്തിന്റെ പക്കലുണ്ടെന്നാണ് പറഞ്ഞത്. ഈ വെളിപ്പെടുത്തലിലാണ് കേസ് അന്വേഷണത്തിൽ വഴിത്തിരിവായത്.
2021 ജനുവരി 11 രാത്രിയിലാണ് പോത്തിൻകണ്ടം ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം മോഷണം പോയത്. 2015 ലാണ് ക്ഷേത്രത്തിൽ പഞ്ചലോഹ വിഗ്രഹം സ്ഥാപിച്ചത്. വിഗ്രഹം മോഷണം പോയ ശേഷം ക്ഷേത്രം ഭരണ സമിതി പൊലീസിൽ പരാതിപ്പെട്ടിരുന്നെങ്കിലും കേസിൽ തുമ്പൊന്നും ലഭിച്ചില്ല. ഇതോടെ കേസ് അന്വേഷണം ഇഴഞ്ഞു.
ഇതിനിടെയാണ് ഷാപ്പിലിരുന്ന് ശശി വെളിപ്പെടുത്തൽ നടത്തിയത്. ഈ വിവരം ക്ഷേത്രം ഭരണ സമിതി ഭാരവാഹികൾ അറിഞ്ഞു. ഭാരവാഹികൾ ശശിയെ കമ്പംമെട്ട് സ്റ്റേഷനിൽ എത്തിച്ചു. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ മോഷ്ടിച്ച പഞ്ചലോഹ വിഗ്രഹം താൻ സുഹ്യത്ത് റെജി ജോസഫിനെ എൽപ്പിച്ചതായി ശശി സമ്മതിച്ചു. റെജിയുടെ വിട്ടിൽ കമ്പംമെട്ട് പൊലീസ് നടത്തിയ റെയ്ഡിൽ കിടപ്പുമുറിയിൽ ബിഗ് ഷോപ്പറിലാക്കി ചാക്കിൽ പൊതിഞ്ഞ പഞ്ചലോഹ വിഗ്രഹം കണ്ടെത്തുകയായിരുന്നു.
മറുനാടന് മലയാളി ലേഖകന്.