മലപ്പുറം: കരിപ്പൂർ എയർപോർട്ട് വഴി അനധികൃതമായി കടത്താൻ ശ്രമിച്ച സ്വർണം കവർച്ച ചെയ്ത അന്തർജില്ലാ കവർച്ചാ സംഘത്തിലെ നാലുപേർ പിടിയിലായി. മലപ്പുറം കോഡൂർ താണിക്കൽ സ്വദേശി അമിയാൻ വീട്ടിൽ ഷംനാദ് ബാവ എന്ന കരി ബാവ (26), തിരൂർ നിറമരുതൂർ സ്വദേശി അരങ്ങത്തിൽ ഫവാസ് (26), താനാളൂർ കമ്പനി പടി സ്വദേശി പള്ളിയാളിത്തൊടി മുഹമ്മദ് യഹിയ (26), പാലക്കാട് ഒറ്റപ്പാലം ചാത്തൻ പിലാക്കൽ സൽമാൻ ഫാരിസ് (24) എന്നിവരേയാണ് പ്രത്യേക അന്വോഷണ സംഘം പാലക്കാട്, മലപ്പുറം എന്നിവിടങ്ങളിൽ നിന്നായി പിടികൂടിയത്.

ഇവർ വന്ന ആഡംബര വാഹനവും പിടിച്ചെടുത്തു. ഈ കേസുമായി ബന്ധപ്പെട്ട് രണ്ട് കൊടുവള്ളി സ്വദേശികളേയും രണ്ടാഴ്ച മുൻപ് അറസ്റ്റു ചെയ്തിരുന്നു. സ്വർണം അനധികൃതമായി കടത്തിയതിന് കസ്റ്റംസും കേസ് എടുത്തിട്ടുണ്ട്. 1.5 കിലോ സ്വർണ്ണമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്. പിടികൂടിയ ഷംനാദ് ബാവയുടെ പേരിൽ മണൽകടത്ത് തടയാനെത്തിയ പൊലീസുകാരെ അക്രമിച്ചതിനും , വ്യാജ സ്വർണം പണയം വച്ചത്, അനധികൃത മണൽകടത്ത് ഉൾപ്പെടെ 10 ഓളം കേസുകളുണ്ട്.

സ്വർണ്ണ വ്യാപാരിയെ തട്ടിക്കൊണ്ടു പോയി കവർച്ച ചെയ്തതുൾപ്പെടെ നിരവധി കവർച്ചാ കേസിലെ പ്രതിയാണ് സൽമാൻ ഫാരിസ് .കേസിൽ ഉൾപ്പെട്ട മുഴുവൻ പ്രതികളേയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായുള്ള അന്വോഷണം ഊർജ്ജിതമാക്കി. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് നേതൃത്വത്തിൽ കൊണ്ടോട്ടി ഡി.വൈ.എസ്‌പി: അഷറഫ്, കരിപ്പൂർ ഇൻസ്പക്ടർ ഷിബു, കൊണ്ടോട്ടി ഇൻസ്പക്ടർ പ്രമോദ് എന്നിവരുടെ നേതൃത്വത്തിൽ പതികളെ പിടികൂടി അന്വേഷണം നടത്തുന്നത്