മലപ്പുറം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട പതിനേഴുകാരനെ പലതവണ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസിൽ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി റിമാന്റ് ചെയ്തു. വഴിക്കടവ് നാരോക്കാവ് കുട്ടിക്കുന്ന് ഏറാംതൊടിക ഉമ്മർ എന്ന ലൂത്ത് ഉമ്മർ (46)നെയാണ് ജഡ്ജ് എസ് നസീറ ഡിസംബർ 23 വരെ റിമാന്റ് ചെയ്ത് മഞ്ചേരി സ്‌പെഷ്യൽ സബ് ജയിലിലേക്കയച്ചത്.

2021 ജൂലൈ മുതൽ ഡിസംബർ വരെ നാരോക്കാവിലെ തുറന്ന ഓഡിറ്റോറിയത്തിൽ വെച്ച് പലതവണ പീഡിപ്പിച്ചുവെന്നാണ് പരാതി. പരാതിയെ തുടർന്ന് ഇക്കഴിഞ്ഞ 9ന് പ്രതി വഴിക്കടവ് പൊലീസിൽ കീഴടങ്ങുകയായിരുന്നു.അതേ സമയം മദ്രസാധ്യാപകൻ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന പരാതിപ്പെട്ട വിദ്യാർത്ഥിയെ മലപ്പുറത്തെ മദ്രസയിൽനിന്നും പുറത്താക്കിയത് ദിവസങ്ങൾക്ക് മുമ്പായിരുന്നു. തുടർന്ന് വിഷയം മദ്രസാ കമ്മിറ്റിയിൽ ഉന്നയിച്ച കുട്ടിയുടെ ബന്ധുവിനെ കമ്മിറ്റി നിന്നും പുറത്താക്കി. അവസാനം വിഷയത്തിൽ പൊലീസ് കേസെടുത്തത് ചൈൽഡ് ലൈൻ ഇടപെട്ടതോടെയാണ്.

വിദ്യാർത്ഥികളെ ലൈംഗികാതിക്രമത്തിനിരയാക്കിയെന്ന പരാതിയിൽ മദ്‌റസാ അദ്ധ്യാപകനെതിരെ തിരൂർ പൊലീസാണ് കേസെടുത്തത്. തിരൂർ പയ്യനങ്ങാടിയിലെ മദ്‌റസയിൽ അദ്ധ്യാപകനായിരുന്ന ഹംസ മദനി(55)ക്കെതിരെയാണ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്. 12, 15 വയസ്സുള്ള രണ്ട് ആൺകുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന പരാതിയിലാണ് കേസ്്. മദ്‌റസയിൽ പോകാൻ അനിഷ്ടം പ്രകടിപ്പിച്ച കുട്ടിയെ മാതാവ് ചോദ്യം ചെയ്തപ്പോഴാണ് അദ്ധ്യാപകൻ ലൈംഗികാതിക്രമത്തിനിരയാക്കിയ വിവരം പുറത്തറിഞ്ഞത്. തുടർന്ന് ബന്ധുക്കൾ അദ്ധ്യാപകനെ ചോദ്യം ചെയ്തതോടെ വിദ്യാർത്ഥിയെ മദ്‌റസയിൽ നിന്ന് പുറത്താക്കി. വിഷയം മദ്‌റസാ കമ്മിറ്റിയിൽ ഉന്നയിച്ച കുട്ടിയുടെ ബന്ധുവിനെ കമ്മിറ്റി ഭാരവാഹിത്വത്തിൽ നിന്ന് നീക്കുകയും ചെയ്തു. തുടർന്ന് ബന്ധുക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകിയതിനെത്തുടർന്നാണ് കേസെടുത്തത്. മദ്റസാ കമ്മിറ്റിക്കെതിരെ കേസെടുക്കാനും ചൈൽഡ് ലൈൻ നിർദ്ദേശം നൽകി.