മലപ്പുറം: മലപ്പുറം കോഡൂരിൽ വെച്ച് 80 ലക്ഷം രൂപയുടെ കുഴൽപണം തട്ടിയ സംഭവത്തിൽ മുഖ്യപ്രതിയും സൂത്രധാരനുമായ സുജിത്ത് ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. കഴിഞ്ഞ നവംബറിലാണ് സംഭവം. മുഖ്യപ്രതിയും സൂത്രധാരനുമായ വയനാട് പുൽപള്ളിയിലെ ചക്കാലക്കൽ സുജിത്ത്, എറണാകുളം മൂക്കന്നൂർ ഏഴറ്റുമുഖത്തെ ശ്രീജിത്ത്, പ്രതികൾക്ക് ഒളിത്താവളം ഒരുക്കിയ ഷിജു കുപ്പാടി വയൽ മോണ്ടിലെ എൻ .കെ വേണു, എന്നിവരെ വയനാട് നമ്പിക്കൊല്ലിയിലുള്ള വയൽ മൗണ്ട് റിസോർട്ടിനു സമീപമുള്ള ഒളിസങ്കേതത്തിൽ നിന്നും മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ മലപ്പുറം പൊലീസ് പിടികൂടി.

പൊലീസ് ഒളി സങ്കേതം വളയുന്നതിനിടയിൽ പൊലീസിനെ വെട്ടിച്ച് വനത്തിലേക്ക് കടന്നു കളഞ്ഞ ഈ കേസിലെ സൂത്രധാരനും നിരവധി വധശ്രമ കേസിലും കാസർകോട് മൂന്നര കോടി തട്ടിയ കേസിലെ മുഖ്യ പ്രതിയുമായ സുജിത്തിനെ മണിക്കൂറുകൾ തിരഞ്ഞാണ് പിടികൂടിയത് .
ഒളി സങ്കേതത്തിൽ മുഖ്യപ്രതിയുടെ കൂടെ ഉണ്ടായിരുന്ന കാസർകോട് മൂന്നര കോടി തട്ടിയ കേസിലും പുൽപള്ളി സ്റ്റേഷനിലെ വധശ്രമ കേസിലും ഉൾപ്പെട്ട ജോബിഷ് ജോസഫ്, അഖിൽ ടോം, അനു ഷാജി എന്നിവരെ കസ്റ്റഡിയിൽ എടുത്തു പുൽപള്ളി സ്റ്റേഷനിലേക്ക് കൈമാറിയിട്ടുണ്ട് .

നേരത്തെ സുജിത്തിനെതിരെയും ജോബിഷ് ജോസഫിനെതിരെയും കാസർഗോഡ് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതോടെ കേസിലേക്ക് പത്തു പേരെ അറസ്റ്റ് ചെയ്യുകയും ഏഴു വാഹനങ്ങൾ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

മലപ്പുറം ജില്ലാ പൊലീസ് മേധാവി കെ സുജിത്ത് ദാസ് ഐപിഎസ് നു ലഭിച്ച രഹസ്യവിവരത്തെ അടിസ്ഥാനമാക്കിയാണ് മലപ്പുറം ഡിവൈഎസ്‌പി പിഎം പ്രദീപിന്റെ നിർദ്ദേശാനുസരണം മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസിന്റെ നേതൃത്വത്തിൽ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻടീം അംഗങ്ങൾ ആയ എ എസ് ഐ ബിജു കെ പട്ടത്ത്,പി സഞ്ജീവ്, ദിനേഷ് ഇരുപ്പക്കണ്ടൻ, മുഹമ്മദ് സലീം പൂവത്തി, കെ കെ ജസീർ, ആർ. ഷഹേഷ്, കെ. സിറാജ്ജുദ്ധീൻ, ഹമീദലി, നിധിൻ രജീഷ്, എന്നിവർ അടങ്ങിയ സംഘം ആണ് പ്രതികളെ പിടികൂടി കേസ് അന്വേഷണം നടത്തുന്നത്.