കലൂർ: ന്യൂജൻ ലഹരിമരുന്നായ കാലിഫോർണിയ - 9 എന്ന എൽഎസ്ഡി സ്റ്റാമ്പുമായി യുവാവ് പിടിയിൽ. എറണാകുളം ടൗൺ പരിസരങ്ങളിൽ എറണാകുളം റേഞ്ച് എക്സൈസ് നടത്തിയ രഹസ്യ നീക്കത്തിലാണ് സ്റ്റാമ്പ് പിടിച്ചെടുത്തത്. എറണാകുളം കലൂർ സ്റ്റേഡിയത്തിന് സമീപത്തുനിന്നുമാണ് അതിമാരകമായ എൽഎസ്ഡി സ്റ്റാമ്പുമായി ഇടുക്കി കാഞ്ചിയാർ പേഴുക്കണ്ടം സ്വദേശിയും ബി ടെക് വിദ്യാർത്ഥിയുമായ തെക്കേ ചെരുവിൽ വീട്ടിൽ ടി സുരേഷി(23) നെ് പിടികൂടിയത്.

ഇൻസ്പെക്ടർ എം. എസ് ഹനീഫയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം നടത്തിയ തിരച്ചിലിലാണ് ഇയാൾ വലയിലായത്. കഴിഞ്ഞ ദിവസം വൈറ്റില ഭാഗത്ത് നിന്ന് എംഡിഎംഎ യുമായി ഒരു യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടരന്വേഷണത്തിലാണ് ഇയാൾ എൽഎസ്ഡിയുമായി അറസ്റ്റിലായത്.

ബംഗരുവിൽ നിന്നും തപാൽ മാർഗമാണ് ഇയാൾ എൽ എസ് ഡി സ്റ്റാമ്പ് വരുത്തിയത്. സ്റ്റാമ്പ് ഒന്നിന് 2000 രൂപയ്ക്ക് വാങ്ങി അത് 7000 ത്തിൽ പരം രൂപയ്ക്ക് ഇയാൾ മറിച്ച് വിൽപ്പന നടത്തി വരുകയായിരുന്നു. ആവശ്യക്കാരെന്ന വ്യാജേന എക്സൈസ് സംഘം സമീപിച്ച്, കൈയോടെ പിടികൂടുകയായിരുന്നു.

ആഡംബര ജീവിതത്തിനുള്ള പണം കണ്ടെത്തുന്നതിനും ഉന്മാദലഹരിയിൽ ജീവിക്കുന്നതിനുമാണ് ഇയാൾ ലഹരി മരുന്ന് വ്യാപാരം നടത്തി വന്നിരുന്നത്. ഇതു സംബന്ധമായ പ്രാഥമിക അന്വേഷണത്തിൽ ബാംഗ്ലൂർ പോലുള്ള സ്ഥലങ്ങളിൽ മാരകമായ ലഹരി മരുന്നുകൾ ഉൽപാദിപ്പിക്കുന്ന ഡ്രഗ്ഗസ് നിർമ്മാണ യൂണിറ്റുകൾ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

ആഫ്രിക്കയിൽ നിന്ന് ബംഗളുരുവിൽ സ്ഥിരതാമസമാക്കിയ വിദേശികളാണ് ഇതിന് പിന്നിലെന്ന് നിഗമനം. വകുപ്പിന്റെ സാധ്യമായ എല്ലാ അധികാരങ്ങൾ ഉപയോഗിച്ചും മറ്റ് വകുപ്പകളുടെ സഹകരണത്തോടെയും സമഗ്രാന്വേഷണം നടത്തുമെന്ന് ഇൻസ്പെക്ടർ അറിയിച്ചു. നിലവിൽ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും വിലപിടിപ്പുള്ളതും മാരകവുമായ മയക്കുമരുന്നാണ് ലൈസർജിക്ക് ആസിഡ്. ഇത് പുരട്ടിയ സ്റ്റാമ്പാണ് പിടികൂടിയത്.

നിലവിൽ 20 ഓളം ബ്രാൻഡ് നെയിമുകളിലും വ്യത്യസ്ത രൂപങ്ങളിലും ഇത് വില്പന നടത്തി വരുന്നു. ലൈസർജിക് ആസിഡ് സ്റ്റാമ്പുകൾ ലോകത്തിലാകെ 124 ഇനമുണ്ട്. നിലവിൽ ഇന്ത്യയിൽ ഉപയോഗിക്കുന്ന ഏറ്റവും വീര്യം കൂടിയ ത്രീ ഡോട്ടഡ് സ്റ്റാമ്പാണ് പിടികൂടിയത്.
സ്റ്റാമ്പിന്റെ പുറകിലുള്ള ഡോട്ടുകളുടെ എണ്ണമാണ് വീര്യത്തെ സൂചിപ്പിക്കുന്നത്. 360 മൈക്രോഗ്രാം ലൈസർജിക്ക് ആസിഡ് കണ്ടന്റുള്ള സ്റ്റാമ്പാണ് പിടികൂടിയത്. 36 മണിക്കൂർ വരെയാണ് ഇതിന്റെ വീര്യം.

5 എൽ എസ് ഡി സ്റ്റാമ്പ് കൈവശം വയ്ക്കുന്നത് 10 വർഷം വരെ കഠിന തടവ് കിട്ടുന്ന കുറ്റം ആണ്. നേരിട്ട് നാക്കിൽ വച്ച് ഉപയോഗിക്കാൻ കഴിയുന്ന ഇവ ഒരെണ്ണം 36 മണിക്കൂർ വരെ ഉന്മാദ അവസ്ഥയിൽ നിർത്താൻ ശേഷിയുള്ള മാരക മയക്ക് മരുന്ന് ഇനത്തിൽപ്പെട്ടതാണ്.
നാക്കിലും, ചൂണ്ടിനുള്ളിലും ഒട്ടിച്ച് ഉപയോഗിക്കുന്ന ഇവയുടെ അളവ് അൽപ്പം കൂടിപ്പോയാൽ തന്നെ ഉപയോക്താവ് മരണപ്പെടാൻ തന്നെ സാധ്യതയുള്ളത്ര മാരകമാണ്.

ഇയാളിൽ നിന്ന് മയക്കുമരുന്ന് വാങ്ങി ഉപയോഗിക്കുന്ന യുവതി യുവാക്കളെ കണ്ടെത്തി എറണാകുളം കച്ചേരിപ്പടിയിലുള്ള കൗൺസിലിങ് സെന്ററിൽ കൗൺസിലിംഗിന് വിധേയമാക്കുന്നുമെന്നും, ആവശ്യമെങ്കിൽ വിദഗ്ധ ചികിൽസ ഉറപ്പാക്കുമെന്നും അധികൃതർ അറിയിച്ചു.ഇൻസ്പെക്ടറെ കൂടാതെ അസ്സി. ഇൻസ്‌പെക്ടർമാരായ കെ. ആർ. രാം പ്രസാദ്, കെ വി ബേബി, പ്രിവന്റീവ് ഓഫീസർ ഋഷികേശൻ കെ യു, സുരേഷ് കുമാർ എസ്, ഷാഡോ ടീം അംഗങ്ങളായ എൻ ഡി ടോമി, എൻ ജി അജിത്ത് കുമാർ, സിവിൽ എക്സൈസ് ഓഫീസർ മാരായ ജോമോൻ, ജിതീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്