പറവൂർ : മാഞ്ഞാലി മാട്ടുപുറത്ത് വീട്ടിൽ കയറി സഹോദരങ്ങളെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ നശിപ്പിക്കുകയും ചെയ്ത കേസിൽ പ്രധാന പ്രതികൾ അറസ്റ്റിൽ. കോട്ടുവള്ളി കിഴക്കേപ്രം വയലുംപാടം വീട്ടിൽ ഇപ്പോൾ കരുമാലൂർ വല്യപ്പൻപടി ഭാഗത്ത് താമസിക്കുന്ന അനൂപ് ( പൊക്കൻ അനൂപ് 35 ), ചേന്ദമംഗലം കോട്ടയിൽ കോവിലകം കണ്ണായത്ത് പറമ്പിൽ ഇപ്പോൾ പറവൂർ ചെറിയ പല്ലംതുരുത്ത് വാടകക്ക് താമസിക്കുന്ന മഹേഷ് (ജിബ്രു 22 ), കരുമാലൂർ മനക്കപ്പടി സ്വദേശികളായ വെണ്ണാപ്പിള്ളി വീട്ടിൽ ആകാശ് (ചിക്കു 21 ), തൊടുവിലപറമ്പിൽ വിഷ്ണു (വിവേക് 23 ), നാൽപതുപറ വീട്ടിൽ ശ്യാംജിത് മണി (അനിക്കുട്ടൻ 22), ചാണയിൽ കോളനിയിൽ പുതുശേരി വീട്ടിൽ കിരൺ (മുംജാസ് 25) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

സംഭവത്തിനു ശേഷം പലയിടങ്ങളിലായി ഒളിവിലായിരുന്ന പ്രതികളെ ആലുവ മഹിളാലയം പലത്തിനു സമീപത്തു നിന്നുമാണ് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃതത്തിൽ ആലുവ ഡി.വൈ.എസ്‌പി പി.കെ.ശിവൻകുട്ടി ഉൾപെടുന്ന പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

സംഭവവുമായി ബന്ധപ്പെട്ട് പതിനെട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികൾക്ക് രക്ഷപ്പെടാൻ സഹായം ചെയ്തു കൊടുത്തവരാണിവർ. പ്രതികൾക്കെതിരെ കാപ്പ ചുമത്തുന്നതുൾപ്പടെ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.