കൊച്ചി: എറണാകുളം കിഴക്കമ്പലത്തെ വിളക്കണയ്ക്കൽ പ്രതിഷേധത്തിനിടെ ട്വന്റി ട്വന്റി പ്രവർത്തകനെ ആക്രമിച്ച കേസിൽ നാല് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. കിഴക്കമ്പലം സ്വദേശികളായ ബഷീർ, സൈനുദ്ദീൻ, അബ്ദു റഹ്‌മാൻ, അബ്ദുൽ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം ,ഹരിജന പീഡനം എന്നീ വകുപ്പുകളാണ് ഇവര്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

രാത്രി കോലഞ്ചേരി കോടതിയിൽ ഹാജരാക്കി പ്രതികളെ മുവാറ്റുപുഴ സബ് ജയിലിലേക്ക് റിമാന്റ് ചെയ്തു. കിഴക്കമ്പലം പാറപ്പുറം സ്വദേശി ദീപുവിനെയാണ് ഇവർ ആക്രമിച്ചത്. ദീപു ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിൽസയിലാണ്. നിർബന്ധിച്ച് വിളക്കണയ്ക്കാൻ ശ്രമിച്ചതിനെ തുടർന്നായിരുന്നു സംഘർഷം ഉണ്ടായതെന്ന് സിപിഎം പറയുന്നു.

കഴിഞ്ഞ ശനിയാഴ്ച രാത്രി ഏഴു കാലോടെയാണ് കാവുങ്ങപ്പറമ്പ് പാറപ്പുറം ഹരിജൻ കോളനിയിൽ താമസക്കാരനായ ദീപുവിന് മർദനമേറ്റത്. അന്നേ ദിവസം രാത്രി ഏഴുമുതൽ പതിനഞ്ചുമിനിറ്റായിരുന്നു ട്വന്റി ട്വന്റി ഭരിക്കുന്ന നാലുപഞ്ചായത്തുകളിലും വിളക്കണയ്ക്കൽ സമരം നടന്നത്. ആളുകളിൽ നിന്ന് പിരിവെടുത്ത് തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന ട്വന്റി ട്വന്റിയുടെ പദ്ധതിക്കെതിരെ പി വി ശ്രീനിജൻ എം എൽ എ രംഗത്ത് വന്നതാണ് സമരത്തിന് കാരണം.

ട്വന്റി ട്വന്റിയുടെ സജീവ പ്രവർത്തകനായ ദീപുവും പ്രതിഷേധം ഏകോപിപ്പിക്കാൻ മുന്നിൽ ഉണ്ടായിരുന്നു. ലൈറ്റണയ്ക്കൽ സമരം നടക്കുന്നതിനിടെ വീട്ടിലെത്തിയ നാല് സിപിഎം പ്രവർത്തകർ ദീപുവിനെ മർദിക്കുകയായിരുന്നു. അന്ന് ദീപു ചികിത്സ തേടിയിരുന്നില്ല. തിങ്കളാഴ്ച പുലർച്ചേ രക്തം ഛർദിച്ചതോടെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് . ആന്തരിക രക്തസ്രാവത്തിന് ശസ്ത്രക്രിയക്ക് വിധേയനായ ദീപു ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുകയാണ്.