കൊച്ചി: കുറഞ്ഞ പലിശക്ക് വായ്പ ശരിയാക്കി തരാം എന്ന് പറഞ്ഞ് പ്രോസസിങ് ചാർജ് ഇനത്തിൽ പത്ത് ലക്ഷം രൂപ കൈക്കലാക്കി കബളിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ. തമിഴ്‌നാട് തിരുവള്ളൂർ സ്വദേശികളായ രാജശേഖരൻ(56), വിജയകുമാർ(56) എന്നിവരെയാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്.

പത്ത് കോടി രൂപ ഒരു ശതമാനം പലിശക്ക് ശരിയാക്കിതരാം എന്ന് പറഞ്ഞ് തമിഴ്‌നാട് വില്ലുപുരം സ്വദേശിയെയാണ് ഇവർ കബളിപ്പിച്ചത്. 2020ൽ നെടുമ്പാശ്ശേരിയിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. നെടുമ്പാശ്ശേരിയിലെ ഒരു ഹോട്ടലിൽ വച്ചാണ് പ്രതികൾക്ക് പണം കൈമാറിയത്. ഉറപ്പിനായി പ്രതികൾ പത്ത് ലക്ഷം രൂപയുടെ ഡേറ്റഡ് ചെക്കും നൽകി. ഒരു ലക്ഷം രൂപ നേരിട്ടും ബാക്കി തുക അക്കൗണ്ട് വഴിയുമാണ് നൽകിയത്.

ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ ചെന്നൈ റെഡ് ഹിൽസ്റ്റേഷൻ പരിധിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. ഇവർ കേരളത്തിലും, തമിഴ്‌നാട്ടിലും കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരുന്നു.
കൂടുതൽ പ്രതികൾ തട്ടിപ്പുസംഘത്തിലുണ്ടാകുമെന്നാണ് കരുതുന്നത്. അന്വേഷണ സംഘത്തിൽ ഇൻസ്‌പെക്ടർ പി.എം.ബൈജു, എസ്‌ഐ. ജോസ്, എഎസ്ഐ ബാലചന്ദ്രൻ പൊലീസുകാരായ റോണി അഗസ്റ്റിൻ, ജിസ്‌മോൻ എന്നിവരും ഉണ്ടായിരുന്നു. അങ്കമാലി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.