മൂന്നാർ : പൂപ്പാറ വില്ലേജാഫീസിൽ മദ്യപ സംഘത്തിന്റെ ഗുണ്ടാ വിളയാട്ടം. സ്വകാര്യ ഭൂമിയുടെ രേഖകളുമായി ബന്ധപ്പെട്ടാണ് ആക്രമണം നടത്തിയത്. ഭൂമിയുടെ റെക്കാർഡ് ഓഫ് റെജിസ്റ്ററിന്റെ പകർപ്പ് ആവശ്യപ്പെട്ട്‌കൊണ്ടു അപേക്ഷ സമർപ്പിച്ചിരുന്നു. അപേക്ഷയിൽ പറയുന്ന സ്ഥലവും ഇവർ ആവശ്യപ്പെടുന്ന രേഖയുടെ സ്ഥലവും രണ്ടാണെന്ന് ഉദ്യോഗസ്ഥർക്ക് മനസ്സിലായി. അതുകൊണ്ട് വ്യക്തമായി അന്വേഷണം നടത്തിയ ശേഷം രേഖകൾ തരാമെന്ന് ജീവനക്കാർ അറിയിക്കുകയായിരുന്നു.

ഇതിൽ ക്ഷുഭിതരായ മൂവർ സംഘം ഓഫീസിന്റെ ജനലുകൾ അടിച്ചു പൊട്ടിക്കുകയും കംപ്യൂട്ടറും ഫയലുകളും നശിപ്പിക്കുകയും ചെയ്തു. ഓഫീസിലുണ്ടായിരുന്ന സ്‌പെഷ്യൽ വില്ലേജാഫീസർ എം.എസ്.ബിജുവിനെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തതായി വില്ലേജ്
ഓഫീസർ പവിത്രൻ പറഞ്ഞു.

സംഭവമറിഞ്ഞു ഉടുമ്പൻചോല തഹസിൽദാരും വില്ലേജോഫീസിലെത്തി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ ജില്ലാ കളക്ടർ ശാന്തൻപാറ സിഐ.യ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും തഹസീൽദാർ നിജുകുര്യൻ പറഞ്ഞു.