മലപ്പുറം: നാലു വയസ്സുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 73 കാരന്റെ പൊട്ടൻസി ടെസ്റ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ നടക്കും. കേസിൽ മഞ്ചേരി സബ് ജയിലിൽ റിമാന്റിൽ കഴിയുന്ന 73 കാരൻ മലപ്പുറം വള്ളിക്കുന്ന് മഠത്തിൽപുറായ് കോലക്കാട്ട് തൊടി കിഴക്കെപീടിയേക്കൽ മുഹമ്മദിനെയാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗത്തിൽവെച്ച് ടെസ്റ്റ് നടത്തുക.

2021 നവംബർ 30നാണ് കേസിന്നാസ്പദമായ സംഭവം. ഇക്കഴിഞ്ഞ ജനുവരി 20നാണ് കുട്ടിയുടെ മാതാവ് പരപ്പനങ്ങാടി പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ 17നാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ പൊട്ടൻസി ടെസ്റ്റിനായി തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലെത്തിച്ചെങ്കിലും പരിശോധന നടത്തിയ ഡോ. അൻവർ സാദത്ത് കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ നിർദ്ദേശിക്കുകയായിരുന്നു.

അന്വേഷണ ഉദ്യോഗസ്ഥനായ ഹണി കെ ദാസ് സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഐഷ പി ജമാൽ മുഖാന്തിരം മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതിയിൽ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ പ്രതിയെ രണ്ടു ദിവസത്തേക്ക് എസ് ഐ കെ സുരേഷ് കുമാറിന്റെ കസ്റ്റഡിയിൽ വിട്ടുനൽകി കോടതി ഉത്തരവിടുകയായിരുന്നു.