മലപ്പുറം: പൂജാമുറിയിൽ വിഗ്രഹത്തിൽ ചാർത്തിയിരുന്ന തിരുവാഭരണവും താലിയും ഉൾപ്പെടെ വീട്ടിലെ മുഴുവൻ ആഭരണങ്ങളും അടിയോടെ മോഷ്ടിച്ചു. മലപ്പുറം മഞ്ചേരി 22-ാം മൈലിലെ ആളല്ലാത്ത വീട്ടിലാണ് കവർച്ച നടന്നത്. മൊത്തം 30 പവൻ സ്വർണവും 50,000 രൂപയും നഷ്ടപ്പെട്ടു. വീട് കുത്തിതുറന്നാണ് മോഷണമെന്നാണ് പരാതി. 22-ാംമൈൽ ഹെവനിൽ വിനീതയുടെ വീട്ടിലാണ് കവർച്ച.

പൂജാമുറിയിൽ വിഗ്രഹത്തിൽ ചാർത്തിയിരുന്ന തിരുവാഭരണം, നെക്ലേസ്, താലി എന്നിവക്കു പുറമെ അലമാറകളിലുണ്ടായിരുന്ന രണ്ട് മാലകൾ, രണ്ട് ബ്രേസ്ലെറ്റുകൾ, മോതിരം, എട്ട് സെറ്റ് കമ്മൽ, മുത്തുമാല, വള എന്നീ ആഭരണങ്ങളാണ് മോഷ്ടാവ് കവർന്നത്. വിനീതയും കുടുംബവും ഇക്കഴിഞ്ഞ ഡിസംബർ 9ന് ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുന്ന മകന്റെ അടുത്തേക്ക് പോയതാണ്.

തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന സഹോദരൻ മനോഹരന്റെ ഭാര്യ നളിനി വെള്ളിയാഴ്ച രാവിലെ മുറ്റത്ത് എത്തിയപ്പോഴാണ് വാതിൽ തുറന്ന് കിടക്കുന്നത് കണ്ടത്. ഉടനെ വിനീതയെയും പൊലീസിനെയും വിവരം അറിയിച്ചു. വിനീതയുടെ വീട്ടിൽ സ്ഥാപിച്ച സിസിടിവി പ്രവർത്തിക്കുന്നില്ല. എന്നാൽ രാത്രി 1.30 തോടെ ബൈക്ക് നിർത്തി ഒരാൾ ഇറങ്ങി നടക്കുന്നത് സമീപത്തെ കടയിൽ സ്ഥാപിച്ച സിസിടിവിൽ പതിഞ്ഞിട്ടുണ്ട്.

മതിലിൽ കാലടിപ്പാടുകളുമുണ്ട്. വീടിന്റെ മുൻഭാഗത്തെ വാതിലിന്റെ ലോക്ക് തകർത്താണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത്. രണ്ടു നിലകളുള്ള വീട്ടിലെ മുഴുവൻ മുറികളും അലമാരകളും തുറന്നു. സാധസാമഗ്രികൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. നളിനിയുടെ പരാതിയെ തുടർന്ന് മഞ്ചേരി പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. മലപ്പുറത്തു നിന്ന് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.