- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കളഞ്ഞുകിട്ടിയ മൊബൈൽ വഴി അക്കൗണ്ടിൽ നിന്ന് ഒരുലക്ഷം രൂപ കവർന്ന കേസ്; രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ
കോലഞ്ചേരി: കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടിൽ നിന്നും ഒരു ലക്ഷം രൂപ കവർന്ന കേസിൽ രണ്ട് അതിഥി തൊഴിലാളികൾ അറസ്റ്റിൽ. പശ്ചിമ ബംഗാൾ മുർഷിദാബാദ് സ്വദേശി റോണിമിയ (20), ആസാം തേസ്പൂർ സ്വദേശി അബ്ദുൾ കലാം (24) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
കിഴക്കമ്പലം സ്വദേശി മാത്യുവിന്റെ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് സംഘം അദ്ദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ കവർന്നത്. തിങ്കളാഴ്ചയാണ് മാത്യുവിന് പള്ളിക്കര ഭാഗത്ത് വച്ച് ഫോൺ നഷ്ടപെട്ടത്. രാത്രി വീട്ടിലെത്തിയപ്പോഴാണ് ഫോൺ നഷ്ടപ്പെട്ട കാര്യം അറിയുന്നത്.
പിറ്റേന്ന് അക്കൗണ്ട് പരിശോധിച്ചപ്പോൾ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ട കാര്യം മനസിലാക്കിയ മാത്യു ഉടൻ പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ ബംഗാൾ സ്വദേശിയായ റോണിമിയയുടെ അക്കൗണ്ടിലേക്കാണ് പണം മാറ്റിയതെന്ന് കണ്ടെത്തി. പെരിങ്ങാലയിലെ വർക്ക്‌ഷോപ്പിലെ ജീവനക്കാരനായ ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് അബ്ദുൾ കലാമിനെ കുറിച്ച് വിവരം ലഭിച്ചത്.
ഫോൺ ലഭിച്ചത് അബ്ദുൾ കലാമിനായിരുന്നു.പള്ളിക്കര മീൻ മാർക്കറ്റിലെ തൊഴിലാളിയായ ഇയാൾ മൊബൈൽ ഫോണിലെ പാസ്വേഡ് കണ്ടുപിടിച്ച് അക്കൗണ്ടിലെ പണം റോണി മിയയുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. ഈ പണത്തിൽ നിന്നും കലാം എഴുപതിനായിരം രൂപയുടെ ഐഫോണും, വസ്ത്രങ്ങളും വാങ്ങി. ബക്കി തുക റോണി മിയയുടെ അക്കൗണ്ടിൽ തന്നെ ഉണ്ടായിരുന്നു. പണം എടുത്ത ശേഷം കളഞ്ഞു കിട്ടിയ ഫോൺ ഉപേക്ഷിച്ചു.
പിന്നീട് പൊലീസ് ഈ ഫോൺ കണ്ടെടുത്തു. നാട്ടിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിനിടയിലാണ് ഇവർ പൊലീസ് പിടിയിലാകുന്നത്.ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഏ.എസ്‌പി അനൂജ് പലിവാൽ, ഇൻസ്‌പെക്ടർ വി.ടി.ഷാജൻ, എസ്‌ഐ എംപി.എബി, സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.എ.അബ്ദുൾ മനാഫ്, സിവിൽ പൊലീസ് ഓഫീസർ ടി.എ.അഫ്‌സൽ, ഏ.ഒ.പ്രമോദ്, ഹോംഗാർഡ് യാക്കോബ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
മറുനാടന് മലയാളി ലേഖകന്.