ആലുവ: എറണാകുളം റൂറൽ ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട രണ്ട് പേർ പിടിയിൽ. കീഴ്മാട് എരുമത്തല സിപ നിവാസിൽ അഖിൽരാജ് (30), കരുമാലൂർ മില്ലുപടി മുപ്പത്തടം വള്ളയങ്ങാടി വീട്ടിൽ ഷാഹുൽ ഹമീദ് (38) എന്നിവരാണ് പിടിയിലായത്. മുനമ്പം ഡി.വൈ.എസ്‌പി എസ്.ബിനു വിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

അങ്കമാലിയിൽ നിന്നും പത്ത് കിലോയോളം കഞ്ചാവും, ഒന്നരകിലോ ഹാഷിഷ് ഓയിലും നോർത്ത് പറവൂരിൽ നിന്ന് രണ്ടര കിലോയോളം കഞ്ചാവും ഒൻപത് ഗ്രാം ഹാഷിഷ് ഓയലുമാണ് പിടികൂടിയത്. പറവൂരിൽ ഇവർ മയക്ക് മരുന്ന് കടത്താൻ ഉചയോഗിച്ച കാറിൽ നിന്നും പ്രതികളിലൊരാളുടെ വാടക വീട്ടിൽ നിന്നുമാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്.

അങ്കമാലിയിൽ ഒരു ഫ്‌ളാറ്റിൽ നിന്നുമാണ് കഞ്ചാവ് കണ്ടെത്തിയത്. റൂറൽ ജില്ലയിൽ മയക്കുമരുന്ന് പിടികൂടുന്നതിന് മൂന്നാം തീയതി മുതൽ ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടന്നുവരികയാണ്. ഇതിന്റെ ഭാഗമായുള്ള ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടികൂടിയത്.

രണ്ട് ദിവസത്തെ ഓപ്പറേഷനിൽ 32 കേസുകൾ രജിസ്റ്റർ ചെയ്തു. 36 പേർക്കെതിരെ കേസെടുത്തു.അന്വേഷണ സംഘത്തിൽ മുനമ്പം ഡി.വൈ.എസ്‌പി എസ്.ബിനു, പറവൂർ ഇൻസ്‌പെക്ടർ ഷോജോ വർഗ്ഗീസ്, എസ്‌ഐമാരായ പ്രശാന്ത് പി നായർ, ബിജു.സി.ആർ, എഎസ്ഐ അഭിലാഷ്, പൊലീസുകാരായ ശരത് ബാബു, ബ്രിജിൻ, സൂരജ്, ആസാദ്, ബിന്ദു എന്നിവരാണ് ഉണ്ടായിരുന്നത്