തൊടുപുഴ: സുഹൃത്തിനെ ഇരുമ്പ് പൈപ്പിന് തലക്കടിച്ചുകൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിന തടവും അഞ്ച് ലക്ഷം രൂപ പിഴയും. ആനവിരട്ടി പീച്ചാട് പുളിന്താനത്ത് ജെക്സിൻ ആന്റണി(കുട്ടായി) യെ കൊലപ്പെടുത്തിയ കേസിലെ പ്രതി മാങ്കുളം വിരിപാറ മാട്ടുപ്പാറത്തോട്ടത്തിൽ ബിജു(41) വിനെയാണ് തൊടുപുഴ രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജി ജി. അനിൽ കുറ്റകാരനെന്ന് കണ്ട് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 3 വർഷം അധിക കഠിന തടവ് അനുഭവിക്കണം.

2012 ഫെബ്രുവരി 5ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജെക്സിൻ സുഹൃത്തായ ബിജുവിന് പണം കടം നൽകിയിരുന്നു. ഇത് പലതവണ ചോദിച്ചെങ്കിലും മടക്കി നൽകിയില്ല. ഇതിനിടെ മാങ്കുളം പള്ളിയിൽ നിന്ന് പെരുന്നാള് കഴിഞ്ഞ് സുഹൃത്തിനൊപ്പം ബൈക്കിൽ മടങ്ങവേ പാണ്ടിക്കുന്നേൽപടി ഭാഗത്ത് വച്ച് സഹോദരിയുടെ വീടിന് മുൻവശത്ത് നിന്ന ബിജുവിനെ കണ്ടു.

തനിക്ക് കിട്ടാനുള്ള പണം ആവശ്യപ്പെടുകയും വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു. ഇതിന്റെ വിരോധം നിമിത്തം പ്രതി സഹോദരിയുടെ വീട്ടിൽ നിന്ന് ഇരുമ്പ് പൈപ്പുമായി എത്തി ജെക്സിനെ പിന്നിൽ നിന്നും തലയ്ക്ക് അടിക്കുകയും നിലത്ത് കമിഴ്ന്നുവീണപ്പോൾ തലയിൽ തുരുതുരെ കമ്പികൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മൂന്നാർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന സോണി മത്തായി രജിസ്റ്റർ ചെയ്ത കേസിൽ സിഐമാരായിരുന്ന പി.ഡി. മോഹനൻ അന്വേഷണം നടത്തി എ.ആർ. ഷാനിഖാൻ കുറ്റപത്രം സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഏബിൾ സി കുര്യൻ ഹാജരായി