- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മാസത്തിനിടെ നിലമ്പൂരിലെ മൂന്നു കടകളിൽ മോഷണം; ഒടുവിൽ പ്രതി പിടിയിൽ
മലപ്പുറം: ഒരു മാസത്തിനിടെ നിലമ്പൂരിലെ മൂന്നു കടകളിൽ മോഷണം നടത്തിയ മലപ്പുറം ഒതുക്കുങ്ങൽ കുഴിപ്പുറം തെക്കരകത്ത് അബ്ദുൽറസാഖിനെ (33 ) നിലമ്പൂർ പൊലീസ് പിടികൂടി. ടൗണിലെ സൗഭാഗ്യ ലോട്ടറി കടയിൽ ഫെബ്രുവരി നാലിന് പുലർച്ചെ കടയുടെ ചുമർ തുരന്നായിരുന്നു മോഷണശ്രമം. അന്നുതന്നെ ലോട്ടറി കടയോട് ചേർന്നുള്ള ഹോട്ടലിന്റെ പിൻവശത്തെ ഓട് നീക്കി അകത്തുകയറി മേശവലിപ്പിൽ നിന്നും കുറച്ച് പണവും പാലിയേറ്റീവ് കെയർ സംഭാവന പണമടങ്ങിയ ബോക്സും കൈക്കലാക്കി. അതിനു ശേഷമാണ് ആണ് ചുമര് തുരന്ന് ലോട്ടറി കടയിൽ കയറിയത്.
ഈ സംഭവത്തിൽ നിലമ്പൂർ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഈ മാസം 5 ന് പുലർച്ചെ നിലമ്പൂർ കോവിലകം റോഡിലെ നിമ്മി മെഡിക്കൽസിലും ഷട്ടറിന്റെ പൂട്ടുപൊളിച്ച് കടയുടെ അകത്തു കയറിയത്. ഒന്നും കിട്ടാതെ വന്നതോടെ കടയിൽ സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും 1400 രൂപയും കൊണ്ടു പോവുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ലോഡ്ജുകൾ പരിശോധിച്ചുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
ഇടയ്ക്ക് നിലമ്പൂരിൽ എത്തി ലോഡ്ജിൽ മുറിയെടുത്ത് താമസിക്കുന്ന പ്രതി ലോട്ടറി എടുക്കാൻ ഈ കടയിൽ ഇടയ്ക്ക് എത്താറുണ്ട്. കടയിലെ തിരക്കും നോട്ട് എണ്ണുന്ന മെഷീനും കണ്ടതോടെയാണ് വൻതുക കടയിൽ സൂക്ഷിച്ചിരിക്കുമെന്നു കരുതി മോഷണം നടത്താൻ തീരുമാനിച്ചത്. എന്നാൽ കടയിൽ പണമോ വിലപിടിപ്പുള്ള വസ്തുക്കളോ സൂക്ഷിക്കാറില്ലായിരുന്നു.
പാലിയേറ്റീവ് ബോക്സിൽ നിന്നും കിട്ടിയ ചെറിയ തുക മാത്രമേ പ്രതിക്ക് കൈവശപ്പെടുത്താൻ കഴിഞ്ഞുള്ളൂ. മോഷണ ശ്രമത്തിനിടയിൽ കടയിലെ സിസിടിവി ക്യാമറ ശ്രദ്ധയിൽപ്പെട്ടതോടെ ക്യാമറ നശിപ്പിക്കാനും പ്രതി ശ്രമിച്ചു. കൂടാതെ മുഖംമൂടി ധരിച്ചാണ് മോഷണത്തിന് കടയിലെത്തിയത്,
ഈ മാസം 5 ന് നിമ്മി മെഡിക്കൽസിൽ നിന്നും മോഷ്ടിച്ച മൊബൈൽ ഫോൺ പ്രതിയുടെ പക്കൽ നിന്നും കണ്ടെടുത്തു. ലോട്ടറി കടയിൽ നിന്നും മോഷ്ടിച്ച പാലിയേറ്റീവ് സംഭാവന ബോക്സിൽ നിന്നും പണമെടുത്തശേഷം ബോക്സ് ഉപേക്ഷിച്ചതായി പ്രതി മൊഴി നൽകി. അബ്ദുൽറസാഖ് മുമ്പും മോഷണക്കേസിൽ കോട്ടക്കൽ പൊലീസ് സ്റ്റേഷനിൽ പിടിയിലായി പത്തുമാസത്തെ ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. ഇൻസ്പെക്ടർ പി.വിഷ്ണു, എസ്‌ഐ നവീൻ ഷാജ്, എസ്‌ഐ എം.അസൈനാർ, എഎസ്ഐ കെ .അനിൽകുമാർ, അൻവർ സാദത്ത്, എൻ.പി സുനിൽ. അഭിലാഷ് കൈപ്പിനി, കെ.ടി ആഷിഫ് അലി, ടി. നിബിൻ ദാസ് , ജിയോ ജേക്കബ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു