- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗൂഗിളിൽ ഉന്നതജോലി എന്ന വ്യാജേന പത്രപരസ്യം; വിവാഹം ഉറപ്പിച്ചതിന് പിന്നാലെ പെൺവീട്ടുകാരെ പറഞ്ഞ് പറ്റിച്ച് 10 ലക്ഷം കവർന്നു; മലപ്പുറത്ത് കോഴിക്കോട് സ്വദേശിയും കൂട്ടാളിയും പിടിയിൽ
മലപ്പുറം: വൈവാഹിക പരസ്യം നൽകി 10 ലക്ഷത്തിലധികം രൂപ കവർന്ന യുവാവും കൂട്ടാളിയും പിടിയിൽ. കോഴിക്കോട് സ്വദേശി നോട്ടിക്കണ്ടത്തിൽ അക്ഷയ് (28), ഇയാളുടെ കൂട്ടാളി കൊല്ലം കരവല്ലൂർ സ്വദേശി അജി (40) എന്നിവരാണ് പിടിയിലായത്. ഗൂഗിൾ കമ്പനിയിൽ ഉയർന്ന ജോലിക്കാരനെന്ന വ്യാജേന ഇയാൾ പത്രങ്ങളിൽ വൈവാഹിക പരസ്യം നൽകിയിരുന്നു. ചങ്ങരംകുളത്തെ ടീച്ചറുടെ മകളുമായി കല്യാണമുറപ്പിച്ചതിന് പിന്നാലെ പിതാവ് അത്യാസന്ന നിലയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പെൺകുട്ടിയുടെ വീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ച് 10 ലക്ഷത്തിലധികം രൂപ പറ്റിച്ച് കടന്നുകളക്കുകയായിരുന്നു.
പെൺകുട്ടിയുമായി കഴിഞ്ഞ വർഷം ആർഭാടമായി കല്യാണ നിശ്ചയവും നടത്തിയിരുന്നു. ഇതിൽ വരന്റെ ബന്ധുക്കളായി എത്തിയത് സിനിമയിൽ ഗ്രൂപ്പ് ആർട്ടിസ്റ്റുകളായി അഭിനയിക്കുന്നവരായിരുന്നു. പിടിയിലായവർ വിവിധ ജില്ലകളിലായി 15 ഓളം വിസതട്ടിപ്പ് കേസുകളിലായി 2.5 കൊടിയോളം തട്ടിയിട്ടുള്ളതായി പൊലീ പറഞ്ഞു.
ഇവർക്കെതിരെ കൊടുങ്ങല്ലൂർ, കൊല്ലം ക്രൈം ബ്രാഞ്ച്, കൊരട്ടി, വണ്ടൂർ, കോഴിക്കോട് നല്ലളം, പാലക്കാട് വടക്കഞ്ചേരി, പാണ്ടിക്കാട്, കണ്ണൂർ , കോട്ടയം കിടങ്ങൂർ എന്നിവിടങ്ങളിൽ വിസ തട്ടിപ്പ് കേസുകൾ നിലവിലുണ്ട്. പഠനത്തിനായി യൂറോപ്പിലെത്തിയ അക്ഷയ് വിവിധ രാജ്യങ്ങളിലേക്ക് ആളുകൾക്ക് വിസ സംഘടിപ്പിച്ചു നൽകാമെന്ന് പറഞ്ഞാണ് തട്ടിപ്പുകൾ നടത്തിയിരുന്നത്.
കൊല്ലം ഡി.എ.എൻ.എസ്.എ.എഫ് ടീമിൽ അംഗങ്ങളായ മനു, ബൈജു തുടങ്ങിയവരുടെ സഹായത്തോടെ കൊല്ലം ജില്ലയിലെ രഹസ്യതാവളത്തിൽ നിന്നാണ് ഇവരെ പിടികൂടിയത്. മലപ്പുറം ജില്ലാപൊലീസ് മേധാവി സുജിത്ദാസ് ഐ.പി.എസിന്റെ നിർദ്ദേശപ്രകാരം തിരൂർ ഡി.വൈ.എസ്‌പി വി.വി ബെന്നി, ചങ്ങരംകുളം ഇൻസ്‌പെക്ടർ ബഷീർ ചിറക്കൽ എന്നിവരുടെ നേതൃത്വത്തിൽ തിരൂർ ഡി.എ.എൻ.എസ്.എ.എഫ് ടീം അംഗങ്ങളാണ് ഇവരെ പിടികൂടിയത്.