- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാങ്ങിയ 18 ലക്ഷം പലിശ പെരുകി 45 ലക്ഷമായി തിരിച്ചുകൊടുത്തിട്ടും ആർത്തി; ഓപ്പറേഷൻ കുബേരയിൽ തൊടുപുഴ സ്വദേശിയുടെ പരാതിയിൽ വ്യാപാരി അറസ്റ്റിൽ
തൊടുപുഴ: വാങ്ങിയത് 18 ലക്ഷം. മാസം പലിശ 3.5 ലക്ഷം. 45 ലക്ഷം തിരികെ കൊടുത്തിട്ടും 5 മാസത്തെ കുടിശിക പലിശയും മുതലും വേണമെന്ന് ആവശ്യപ്പെട്ട് ശല്യപ്പെടുത്തൽ. തൊടുപുഴ സ്വദേശി നൽകിയ പരാതിയിൽ വ്യാപാരി അറസ്റ്റിൽ
ഓപ്പറേഷൻ കുബേരയുടെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിലാണ് സൈക്കിൾ വ്യാപാരി കാരിക്കോട് കാപ്പിത്തോട്ടം ഒലിയപ്പുരയിൽ അരുൺ രാജ്പിള്ള(കംസൻ-40) യാണ് അറസ്റ്റിലായത്. ലൈസൻസില്ലാതെ ക്രമവിരുദ്ധമായി ഇയാൾ അമിത പലിശക്ക് പണം കടം കൊടുത്തിരുന്നതായിട്ടാണ് തൊടുപുഴ പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്.
തൊടുപുഴ സ്വദേശിയായ കുഞ്ഞിക്കണ്ണന്റെ പരാതിയിലാണ് അറസ്റ്റ്. തന്റെ വീട് ഉൾപ്പെടുന്ന 4 സെന്റ് സ്ഥലത്തിന്റെ ആധാരം ഈടായി നൽകി കുഞ്ഞിക്കണ്ണൻ അരുണിൽ നിന്നും 18 ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. ഇതിന് 15 ദിവസത്തേക്ക് 1.75 ലക്ഷം രൂപയാണ് പലിശയായി വാങ്ങിയിരുന്നത്. ഇത്തരത്തിൽ 45 ലക്ഷത്തോളം രൂപ കുഞ്ഞിക്കണ്ണനിൽ നിന്നും അരുൺ കൈപ്പറ്റി.
കോവിഡ് പ്രതിസന്ധിമൂലം 5 മാസം കുഞ്ഞിക്കണ്ണൻ പലിശ കൊടുത്തില്ല. മുടക്കം വരുത്തിയ പലിശയും മുതലും കൂടി ഉടൻ വേണമെന്നാവശ്യപ്പെട്ട് അരുൺ ശല്യപ്പെടുത്തൽ തുടങ്ങിയതോടെ കുഞ്ഞിക്കണ്ണൻ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
പൊലീസ് അരുണിന്റെ വെങ്ങല്ലൂർ-മങ്ങാട്ടുകവല നാലുവരി പാതയിലുള്ള സൈക്കിൾ ഷോപ്പിലും വീട്ടിലും പരിശോധന നടത്തി.
10 ആധാരങ്ങളും 30 ചെക്ക് ലീഫും അനുബന്ധ രേഖകളും പിടിച്ചെടുത്തു. തൊടുപുഴ ഡിവൈഎസ്‌പി എ.ജി. ലാൽ, എസ്എച്ച്ഒ വി സി. വിഷ്ണുകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.പ്രതിക്കെതിരെ സമാനമായി ഏഴ് പരാതികൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
മറുനാടന് മലയാളി ലേഖകന്.