കൊച്ചി: വീടു കേന്ദ്രീകരിച്ച് മദ്യ വിൽപ്പന നടത്തിയാൾ എക്‌സൈസിന്റെ പിടിയിൽ. ആലിൻ ചുവട് - വെണ്ണല സ്വദേശി തച്ചേത്ത് വീട്ടിൽ ജോളി എന്നറിയപ്പെടുന്ന തോമസി(51)നെയാണ് എറണാകുളം റേഞ്ച് എക്‌സൈസ് കസ്റ്റഡിയിൽ എടുത്തത്.

ഇയാളുടെ പക്കൽ നിന്ന് 35 ലിറ്റർ മദ്യം കണ്ടെടുത്തു. ടൗണിലെ ബിവറേജ്‌സ് ഔട്ട് ലെറ്റുകളിൽ നിന്ന് പല തവണകളായി മദ്യം വാങ്ങി സൂക്ഷിച്ച് കൂടിയ വിലയ്ക്ക് മറിച്ച് വിൽപ്പന നടത്തിവരുകയായിരുന്നു. ഉപഭോക്താക്കൾക്കിടയിൽ 'ജോളി ബാർ ' എന്ന പേരിൽ ആണ് ഇയാൾ അറിയപ്പെട്ടിരുന്നത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആവശ്യക്കാർ എന്ന വ്യാജേന എക്‌സൈസ് ഷാഡോ സംഘം ഇയാളെ സമീപിച്ച് കൈയോടെ പിടികൂടുകയായിരുന്നു. അസ്സി.എക്‌സൈസ് ഇൻസ്‌പെക്ടർ കെ ആർ രാമപ്രസാദ്, കെ.വി.ബേബി, പ്രിവന്റീവ് ഓഫീസർമാരായ കെ.കെ. രമേശൻ, പി.യു. ഋഷികേശൻ, സത്യനാരായണൻ, സിറ്റി മെട്രോ ഷാഡോയിലെ എൻ.ഡി ടോമി, എൻ.ജി.അജിത്ത് കുമാർ, വനിത സിവിൽ ഓഫീസർ പ്രമിത സി.ജി. എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.