മൂവാറ്റുപുഴ: ഗൃഹനാഥനെയും, ഭാര്യയെയും, മകനെയും ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. വാഴക്കുളം വീരപ്പൻകോളനിയിൽ ചേന്നാട്ട് വീട്ടിൽ സൻസിൽ (20), മൂവാറ്റുപുഴ രണ്ടാർകരയിൽ ചെമ്പിത്തറയിൽ വീട്ടിൽ തോമസ് കുട്ടി (21), മഞ്ഞള്ളൂർ ചേക്കോട്ട് വീട്ടിൽ അഖിൽ സന്തോഷ് (23), മൂവാറ്റുപുഴ നടുക്കര അറക്കപീടിക ഭാഗത്ത് തോട്ടുംചാലിൽ വീട്ടിൽ അൽബിൻ (18) എന്നിവരെയാണ് വാഴക്കുളം പൊലീസ് അറസ്റ്റ് ചെയ്തത്.

വീരപ്പൻ കോളനിയിലെ കൊറ്റംചിറ വീട്ടിൽ മരവടിയും, മൂർച്ചയേറിയ ചില്ല് കുപ്പിയും മറ്റുമായി ഇവർ അതിക്രമിച്ച് കയറി ഗൃഹനാഥനെയും ഭാര്യയെയും മകനെയും തലക്കടിച്ചും കുത്തിയും മറ്റും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. വ്യക്തി വിരോധമാണ് ആക്രമണത്തിൽ കലാശിച്ചത്. ഇതിൽ സൻസിൽ, അഖിൽ സന്തോഷ് എന്നിവർ വാഴക്കുളം പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉള്ളവരാണ്.

വാഴക്കുളം, മൂവാറ്റുപുഴ സ്റ്റേഷനുകളിലെ കഞ്ചാവ് കേസ്, കൊലപാതകശ്രമം, അടിപിടി തുടങ്ങിയ കേസുകളിലെ പ്രതിയാണ് സൻസിൽ. അഖിൽ സന്തേഷിനെതിരെ പോക്‌സോ ആക്റ്റ് കേസുകളും, കൊലപാതകശ്രമം, അടിപിടി തുടങ്ങിയ കേസുകളും വാഴക്കുളം, കല്ലൂർക്കാട്, മൂവാറ്റുപുഴ സ്റ്റേഷനുകളിലായിട്ടുണ്ട്.

തോമസ് കുട്ടിക്കെതിരെ കൊലപാതകശ്രമം, അടിപിടി തുടങ്ങിയ കേസുകൾ മൂവാറ്റുപുഴ സ്റ്റേഷനിലും ഉള്ളതാണ്. കൃത്യത്തിന് ശേഷം കാറിൽ കയറി രക്ഷപെടുകയായിരുന്നു ഇവർ. അന്വേഷണ സംഘത്തിൽ വാഴക്കുളം ഇൻസ്‌പെക്ടർ സതീഷ് കുമാർ.എസ്, എഎസ്‌ഐ മാരായ സജീവൻ.എൻ.എൻ. എൽദോസ്.പി.വി, സീനിയർ സിവിൽപൊലീസ് ഓഫീസർ റജി തങ്കപ്പൻ, സിപിഒ ഷെഫി എന്നിവരാണ് ഉണ്ടായിരുന്നത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.