- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിഷു ആഘോഷിക്കാൻ ഉണക്ക ഇറച്ചിക്കായി കൂരമാനിനെ ലക്ഷ്യം വെച്ച് വെടി ഉതിർത്തു; ഉന്നം തെറ്റിയപ്പോഴേക്കും പാഞ്ഞെത്തിയ വനപാലക സംഘത്തെ കണ്ട് മുങ്ങി; ഒടുവിൽ തിരുനെല്ലിയിൽ നാലംഗ സംഘം കുടുങ്ങിയത് വാഹന പരിശോധനയിൽ
മാനന്തവാടി: കൂരമാനിനെ വേട്ടയാടിയ നായാട്ടുസംഘം കുടുങ്ങി. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവത്തിൽ നാല് പേർ അറസ്റ്റിലായി. സ്ഥിരമായി നായാട്ടു നടത്താറുള്ള ഇവർ ഇക്കുറി വിഷു ആഘോഷിക്കാനാണ് വേട്ടക്കിറങ്ങിയതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. വേട്ടയാടി കിട്ടുന്ന കൂരമാനിനെ ഉപ്പു തേച്ച് ഉണക്കി വിഷുവിന് കരുതി വെയ്ക്കുകയായിരുന്നു ലക്ഷ്യമെന്നും പ്രതികൾ സമ്മതിച്ചു. തവിഞ്ഞാൽ വാളാട് സ്വദേശികളായ എടത്തന കൊല്ലിയിൽ പുത്തൻ മുറ്റം കെ.എ. ചന്ദ്രൻ(33), വാട്ടാട് മാക്കുഴി കെ.സി. രാജേഷ് (48), എടത്തന കരിക്കാട്ടിൽ കെ.സി. വിജയൻ(42), എടത്തന പുത്തൻ മുറ്റം ഇ.കെ. ബാലൻ (44) എന്നിവരാണ് അറസ്റ്റിലായത്. ഈ നായാട്ടു സംഘത്തിന് അന്തർ സംസ്ഥാന വേട്ട സംഘവുമായി ബന്ധമുണ്ടോ എന്നും വനം വകുപ്പ് അന്വേഷിക്കുന്നു.
സംഭവം ഇങ്ങനെ:
കൊടും കാട്ടിലൂടെ അർദ്ധ രാത്രിയിൽ പട്രോളിംഗിലായിരുന്നു ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എം വി ജയപ്രസാദിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം. കൂരിരുട്ടിനെ ഭേദിച്ച് അപ്രതീക്ഷിതമായി കേട്ട വെടിയൊച്ച ആദ്യം ഭയപ്പാട് ഉണ്ടാക്കിയെങ്കിലും ജീപ്പ് നിർത്തി വനപാലക സംഘം വെടി ശബദ്ം കേട്ട സ്ഥലത്തേക്ക് കുതിച്ചു. കൂരിരുട്ടും ദുർഘടമായ പാതയും വനപാലക സംഘത്തെ നന്നേ വലച്ചു. ആനയും കടുവയും കാട്ടുപോത്തും വിഹരിക്കുന്ന സ്ഥലമെങ്കിലും ഒടുവിൽ വെടി ഉതിർത്ത ഭാഗത്തു തന്നെ ഫോറസ്റ്റുകാർ എത്തി. തലങ്ങു വിലങ്ങും തിരിച്ചിൽ നടത്തി. ആരെയും കണ്ടെത്തനായില്ല. രണ്ടു മണിക്കൂറോള കൊടും കാട്ടിൽ ഇവർ കാവലിരിരുന്നു. എന്നിട്ടും വേട്ടക്കാരെ കണ്ടെത്താനായില്ല. പിന്നീട് നാലുപാടും പരതി, ഒടുവിൽ പുലർച്ചെ വനത്തിൽ നിന്നും പുറത്തേക്കുള്ള റോഡിൽ വനപാലകർ എത്തി.
തുടർന്ന് വാഹന പരിശോധന തുടങ്ങി. വാഹന പരിശോധനയിലാണ് മൂലപ്പീടിക ഭാഗത്ത് നിന്നു നായാട്ട് സംഘത്തെ നാടൻ തോക്ക് സഹിതം വനപാലകർക്ക് പിടികൂടാനായത്. പ്രാഥമികമായി ചോദ്യം ചെയ്യലിൽ തന്നെ വെടി ഉതിർത്തത് തങ്ങളാണന്ന് നായാട്ടു സംഘം വെളിപ്പെടുത്തി. കൂരമാനിനെ ലക്ഷ്യംവെച്ച് വെടി വെച്ചതായിരുന്നു. ഉന്നം തെറ്റി എന്നു മാത്രമല്ല അപ്പോഴേക്കും വനപാലക സംഘം സ്ഥലത്തും എത്തി. പിന്നീട് കാട്ടിലൂടെ പതുങ്ങിയാണ് കാർ പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് എത്തിയതെന്നും വേട്ടക്കാർ സമ്മതിച്ചു.
കൂരമാൻ, പുള്ളി മാൻ, പന്നി, മുള്ളൻ പന്നി, മ്ളാവ്, മരപ്പട്ടി തുടങ്ങി അത്യപൂർവ്വങ്ങളായ വന്യമൃഗങ്ങളെയാണ് ഇത്തരം സംഘങ്ങൾ വേട്ടയാടുന്നത്. വേട്ടയാടി കിട്ടുന്ന ഇറച്ചി രഹസ്യമായി വിൽക്കുന്നവരും ഇവർക്കിടയിൽ സജീവമാണ്. പ്രതികൾ നേരത്തെയും ഈ മേഖലയിൽ വേട്ടയ്ക്ക് എത്തിയിരുന്നതായി സമ്മതിച്ചു. പ്രതികളെ മാനന്തവാടി കോടതിയിൽ ഹാജരാക്കി. കോടതി ഈ മാസം 19 വരെ റിമാന്റു ചെയ്തു.
ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം വി ജയപ്രസാദിനെ കൂടാതെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ വി.കെ. ദാമോദരൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി.ആർ. പ്രഭഞ്ച്, വി.പി. ഹരികൃഷ്ണൻ, വിഷ്ണു പ്രസാദ്, ഫോറസ്റ്റ് വാച്ചറായ കെ.എം. കുര്യൻ എന്നിവരടങ്ങിയ സംഘമാണ് നായാട്ട് സംഘത്തെ പിടികൂടിയത്.
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്