മലപ്പുറം: നിരവധി കേസുകളിലെ പ്രതി കഞ്ചാവുമായി പെരിന്തൽമണ്ണയിൽ പിടിയിൽ. പെരിന്തൽമണ്ണ വലിയങ്ങാടി സ്വദേശി ചക്കുങ്ങൽ നൗഫൽ(35) എന്ന നൗഫിയെയാണ് 1.200 കിലോ ഗ്രാം കഞ്ചാവുമായി പെരിന്തൽമണ്ണ ഡി.വൈ.എസ്‌പി എം.സന്തോഷ് കുമാർ, സിഐ സുനിൽപുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ എസ്‌ഐ സി.കെ.നൗഷാദ് അറസ്റ്റ് ചെയ്തത്.

ജില്ലയിൽ ക്രിമിനൽ കേസുകളിലും മയക്കുമരുന്നു കേസുകളിലും ഉൾപ്പെട്ട പ്രതികൾ വീണ്ടും കുറ്റകൃത്യങ്ങൾ ചെയ്യുന്നതു ശ്രദ്ധയിൽ പെട്ടതിനെ തുടർന്നു ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നിർദ്ദേശ പ്രകാരം നടത്തിയ പരിശോധനയിലാണ് നൗഫൽ പിടിയിലായത്.

പ്രതിയിൽ നിന്നു കഞ്ചാവ് പാക്കറ്റുകളും മറ്റും പിടികൂടി. പെരിന്തൽമണ്ണയിൽ വ്യാപാരിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി മോചനദ്രവ്യമാവശ്യപ്പെട്ട കേസ്, കാറിൽ ആയുധങ്ങളുമായി പിടികൂടിയ കേസ്, കാളികാവ് പൊലീസ് കഞ്ചാവും എംഡിഎംഎയും പിടികൂടിയ കേസും ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നൗഫൽ ഒരു മാസം മുമ്പാണ് കഞ്ചാവ് കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയത്. ജാമ്യത്തിലിറങ്ങി വാടക വീടെടുത്ത് വീണ്ടും കഞ്ചാവ് വിൽപ്പന തുടങ്ങിയതായി ജില്ലാപൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തെത്തുടർന്നാണ് വീണ്ടും അറസ്റ്റിലായത്.

പെരിന്തൽമണ്ണ പൊലീസും ജില്ലാ ആന്റി നർക്കോട്ടിക് സ്‌ക്വാഡും ചേർന്നു നടത്തിയ പരിശോധനയിലാണ് ബൈക്കിൽ കടത്തിയ കഞ്ചാവുമായി ഇയാൾ പിടിയിലായത്. ദിവസങ്ങൾക്കു മുമ്പു വാടകവീട്ടിൽ ലഹരി പാർട്ടി നടത്തിയ ഒമ്പതു പേരെ പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവും എം.ഡി.എം.എയും ഉപയോഗിക്കുന്നതിന് ആവശ്യമായ ഗ്ലാസ് ട്യൂബും ഹുഡ്ക ഉപകരണങ്ങളും പൊലീസ്
പിടിച്ചെടുത്തിരുന്നു.

കഞ്ചാവുമായി ബന്ധപ്പെട്ടു പരിശോധന ശക്തമാക്കുമെന്നു പെരിന്തൽമണ്ണ ഡി.വൈ.എസ്‌പി എം.സന്തോഷ്‌കുമാർ അറിയിച്ചു. പെരിന്തൽമണ്ണ സ്റ്റേഷനിലെ എഎസ്ഐ ബൈജു, മുഹമ്മദ് ഫൈസൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.