കോതമംഗലം: പോത്താനിക്കാട് ഇല്ലിച്ചുവട് ഭാഗത്ത് ഒറ്റയ്ക്ക് താമസിക്കുന്ന 67 കാരിയെ കയറിപ്പിടിച്ച പ്രതി അറസ്റ്റിൽ. പുളിന്താനം താനത്തു പറമ്പിൽ വീട്ടിൽ മനോജ് ജോസ് (48) നെയാണ് പോത്താനിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

വയോധികയെ ഉപദ്രവിച്ചപ്പോൾ നിലവിളിച്ചതിനെ തുടർന്ന് ഇറങ്ങിപ്പോയ ഇയാൾ അൽപം കഴിഞ്ഞ് വീണ്ടും എത്തുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ വൃദ്ധയുടെ സഹോദരനെയും, മകനെയും ഇയാൾ ദേഹോപദ്രവം ഏൽപ്പിച്ചു.

എസ്‌ഐ മാരായ ജിയോ മാത്യു, എം.സി എൽദോസ്, എഎസ്ഐ കെ. എം മൊയ്തീൻ കുട്ടി, സി.പി. ഒമാരായ റോബിൻ തോമസ്, എം. അനസ് തുടങ്ങിയവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

വീട്ടിലെത്തി ലൈറ്റ് ഓഫാക്കിയ ശേഷമാണ് പൊലീസുകാരിയുടെ ഭർത്താവ് 67 കാരിയെ കടന്നുപിടിക്കാൻ ശ്രമിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. വയോധികയുടെ ബന്ധുവാണ് പൊലീസുകാരി. ഇവരുടെ വീടുകളും അടുത്തടുത്താണ്. സൈനികനായിരുന്ന വയോധികയുടെ ഭർത്താവ് നേരത്തെ മരിച്ചിരുന്നു. മക്കൾ ജോലിയുമായി വീട്ടിൽ നിന്നും മാറി നിൽക്കുകയാണ്. അതിനാൽ ഇവർ ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്.

വാതിലിൽ മുട്ടുകേട്ടാണ് സഹോദരി കതകുതുറന്നതെന്നും ഉടൻ പൊലീസുകാരിയുടെ ഭർത്താവ് മുറിക്കുള്ളിലേയ്ക്ക് കയറി, ലൈറ്റ് ഓഫ് ചെയ്ത ശേഷം അവരെ കയറിപ്പിടിച്ചെന്നും അപമാനിക്കാൻ ശ്രമിച്ചെന്നും എതിർത്തപ്പോൾ മർദ്ദിച്ചെന്നുമാണ് 67 കാരിയുടെ സഹോദരനായ 60- കാരൻ മറുനാടനോട് പറഞ്ഞത്.

പേടിച്ചുവിറച്ച വയോധിക അലറിക്കരഞ്ഞതോടെ ഓടി രക്ഷപെട്ട അക്രമി, പ്രശ്നം സംസാരിച്ച് തീർക്കാൻ എന്ന പേരിൽ പൊലീസുകാരിക്കൊപ്പം വീട്ടിൽ എത്തി. തുടർന്ന് തന്നെയും മകനെയും മർദ്ദിച്ചവശരാക്കിയെന്നും ഇയാൾ പറയുന്നു. ആക്രമണം സഹിക്കാതായതോടെ വീടിനുള്ളിൽ കയറി കതകടച്ച ശേഷം പൊലീസ് സഹായം തേടുകയായിരുന്നു. പൊലീസ് എത്തിയിട്ടും ആക്രമി ഒരു കൂസലും ഇല്ലാതെ വീണ്ടും തങ്ങളെ ആക്രമിക്കാൻ മുതിർന്നെന്നും ഏറെ പണിപ്പെട്ടാണ് പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തതെന്നും വീട്ടുകാർ പറഞ്ഞു.