മലപ്പുറം: ഫേസ്‌ബുക്ക് പ്രൊഫൈലിൽ വ്യാജ വിലാസവും ഫോട്ടോയും നൽകി ഒമ്പതാം ക്ലാസുകാരിയെ പരിചയപെട്ട ശേഷം സൗഹൃദത്തിലാവുകയും അവസാനം മൊബൈൽ ഫോണിലൂടെ അശ്ലീല ഫോട്ടോകളും മെസേജുകളും അയച്ച പ്രതി അറസ്റ്റിൽ.

ആലപ്പുഴ ചേർത്തല ഭരത് (19) നെയാണ് മലപ്പുറം താനൂർ ഡിവൈഎസ്‌പി മൂസ്സ വള്ളിക്കടനും സംഘവും അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിയായ പ്രതിയെ ഒമ്പതാം ക്ലാസുകാരിയുടെ പരാതിയിലാണ് താനൂർ പൊലീസ് പോക്‌സോ- ഐ ടി ആക്റ്റ് വകുപ്പുകൾ പ്രകാരം കേസ് എടുത്ത് അന്വേഷണം ആരംഭിച്ചത്. തുടർന്നാണ്താനൂർ ഡിവൈഎസ്‌പി മൂസ വള്ളിക്കാടൻ ഇൻസ്പെക്ടർ അബ്ബാസ് അലി എസ് സി പി ഒമാരായ സലേഷ്, അമൽ എന്നിവരടങ്ങിയ അന്വേഷണ സഘം പ്രതിയെ ആലപ്പുഴ നിന്നും പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

താനൂർ സ്വദേശിയായ പെൺകുട്ടിയാണ് പരാതിക്കാരി. പെൺകുട്ടിയും യുവാവുമായി ആദ്യം മെസ്സേജുകളും മറ്റും അയച്ചു നൽകിയിരുന്നു. പിന്നീട് സൗഹൃദം സ്ഥാപിച്ച പ്രതി പറഞ്ഞ പലകാര്യങ്ങളും തെറ്റാണെന്ന് പിന്നീടാണ് മനസ്സിലായത്. അവസാനം ഫോൺനമ്പർ വാങ്ങി വാട്‌സ്ആപ്പിലൂടെയും മെസ്സേജുകളയച്ചതായാണ് വിവരം. ഇതിലൂടെ നിരവധി അശ്ലീല മെസ്സേജുകളും ഫോട്ടോകളും പ്രതി അയക്കാൻ തുടങ്ങിയതോടെയാണ് വീട്ടുകാരുടേയും ശ്രദ്ധയിൽ പെടുന്നത്.

തുടർന്നു പെൺകുട്ടിയും വീട്ടുകാരും വന്നു പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് വ്യാജ ഐഡിയിൽ നിന്നാണു മെസ്സേജുകൾ അയച്ചതെന്നും പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ചതാണെന്നും വ്യക്തമായത്. സൈബർ സെല്ലിന്റെ കൂടി സഹായത്തോടെയാണു പിന്നീട് പ്രതിയെ കണ്ടെത്തിയത്.