- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു സിഗരറ്റ് പാക്കിന്റെ വില 300; പിടിച്ചെടുത്തത് 150 ചാക്കുകളിൽ; വഴിക്കടവ് എക്‌സൈസ് ചെക്ക്പോസ്റ്റിൽ നാല് കോടിയുടെ സിഗരറ്റ് പിടികൂടി
മലപ്പുറം: നാടുകണിച്ചുരം വഴി നികുതി വെട്ടിച്ച് കടത്തിയ നാല് കോടിയോളം വില വരുന്ന വൻ സിഗരറ്റ് ശേഖരം വഴിക്കടവ് എക്‌സൈസ് ചെക്കുപോസ്റ്റിൽ പിടികൂടി. ഡ്രൈവറും ക്ലീനറും കസ്റ്റഡിയിൽ. രഹസ്യ വിവരത്തെത്തുടർന്ന് വഴിക്കടവ് എക്‌സൈസ് അധികൃതർ നടത്തിയ വാഹന പരിശോധനയിലാണ് കൊറിയൻ നിർമ്മിത സിഗരറ്റായ എസ്സെയുടെ ഒന്നര ലക്ഷം പായ്ക്കറ്റുകൾ പിടികൂടിയത്.
ജാർഖണ്ടിൽ നിന്നും ഉരുളക്കിഴങ്ങ് കയറ്റി വരികയായിരുന്ന ടോറസ് ലോറിയിൽ ഉരുളക്കിഴങ്ങ് ചാക്കുകൾക്ക് അടിയിലായി ഒളിപ്പിച്ച നിലയിലായിരുന്നു സിഗരറ്റ് നിറച്ച ചാക്കുകൾ ഒളിപ്പിച്ചിരുന്നത്. നൂറ്റിയൻപത് ചാക്കുകളിലായാണ് സിഗരറ്റ് നിറച്ചിരുന്നത്. ഒരു പായ്ക്കറ്റ് സിഗരറ്റിന് ഇന്ത്യൻ മാർക്കറ്റിൽ മുന്നൂറ് രൂപ വില വരുന്നതാണിതെന്ന് എക്‌സൈസ് അധികൃതർ പറഞ്ഞു.
പിടിയിലായ ഡ്രൈവറും ക്ലീനറും കൊല്ലം സ്വദേശികളാണ്. ചാവക്കാട് സ്റ്റാന്റിന് സമീപം വാഹനം നിർത്തിക്കൊടുക്കുവാനാണ് ഡ്രൈവർക്ക് നിർദ്ദേശം നൽകിയിട്ടുള്ളത്. അവിടെയെത്തുമ്പോൾ മറ്റൊരാൾ വാഹനം കൊണ്ടുപോകും. അയാളെക്കുറിച്ച കസ്റ്റഡിയിലുള്ളവർക്ക് അറിയില്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പിടിയിലായ ഡ്രൈവർ വാളയാർ ചെക്കുപേസ്റ്റിൽ സമാന കേസിൽ പിടിയിലായിട്ടുള്ളതായി എക്‌സൈസ് അധികൃതർ പറഞ്ഞു.
കേസ് സെൻട്രൽ എക്‌സൈസ്, കസ്റ്റംസ് വിഭാഗങ്ങളുടെ പരിധിയിൽ വരുന്നതിനാൽ എറണാകുളം സെൻട്രൽ എക്‌സൈസ് അധികൃതരെയും കസ്റ്റംസ് വിഭാഗത്തെയും വിവരമറിയിക്കുകയും, ഉദ്യോഗസ്ഥ സംഘം വഴിക്കടവിലെ എക്‌സൈസ് ചെക്കുപോസ്റ്റിലെത്തി തുടർനടപടികൾക്കായി സിഗരറ്റും വാഹനവും ആളുകളെയും കസ്റ്റഡിയിൽ വാങ്ങുകയും ചെയ്തു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ ഹരികൃഷ്ണൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജി അഭിലാഷ്, എം ജംഷീദ്, അക്ഷയ്, ബാലു എന്നിവരടങ്ങിയ സംഘമാണ് സിഗരറ്റ് പിടിച്ചെടുത്തത്.