മലപ്പുറം: ആഡംബര കാറുകളിൽ കഞ്ചാവും എം.ഡി.എം.എയുമായി കറങ്ങിയ അഞ്ച് അംഗ സംഘത്തെ പരപ്പനങ്ങാടി പൊലീസ് പിടികൂടി. പരപ്പനങ്ങാടി അഞ്ചപ്പുര ജംഗ്ഷന് സമീപത്തായി പണിതു കൊണ്ടിരിക്കുന്ന മൂന്നു നില കെട്ടിടത്തിനടുത്തുള്ള ഒഴിഞ്ഞ പുരയിടത്തിൽ മയക്കുമരുന്ന് ഉപയോഗിച്ചുകൊണ്ടിരിക്കെയാണ് അഞ്ച് പേരെയും അറസ്റ്റ് ചെയ്തത്.

വേങ്ങര പൂച്ചോലമാട് ചുക്കാൻ വീട്ടിൽ അബ്ദുറഹ്മാൻ മകൻ അഹമ്മദ് അബ്ദുൾ റഹ്മാൻ (30), ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് കോയാന്റെ ചെറുപുരക്കൽ വീട്ടിൽ ഉമ്മർകോയ മകൻ ഷെമീർ (27), താനൂർ എളാരം ബീച്ച് കുന്നുമ്മൽ വീട്ടിൽ അസൈൻ മകൻ ത്വൽഹത് (28), പരപ്പനങ്ങാടി മാപ്പൂട്ടിൽ റോഡ് കപ്പക്കാരന്റെ പുക്കൽ വീട്ടിൽ സിദീഖിന്റെ മകൻ ജിഹാദ് (27), താനൂർ പുതിയ കടപ്പുറം പുതിയ വീട്ടിൽ അക്‌ബർ അലിയുടെ മകൻ അബു സ്വാലിഹ് (21) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്നും കഞ്ചാവും എം.ഡി.എം.എ.യും മയക്കുമരുന്ന് ചൂടാക്കി വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും ഗ്യാസ് ലൈറ്ററുകളും പൊലീസ് പിടിച്ചെടുത്തു.

ചോദ്യം ചെയ്യലിൽ മയക്കുമരുന്ന് ബാംഗ്ലൂർ നിന്നും ഒരു ഗ്രാമിന് 5000 രൂപ നിരക്കിൽ വാങ്ങിയതാണെന്നും വിൽപനയ്ക്ക് ശേഷം ബാക്കിയുള്ളത് സ്വന്തമായി ഉപയോഗിക്കുമെന്നും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. വിൽപന വഴി ലഭിക്കുന്ന പണം ആഡംബരജീവിതത്തിനാണ് പ്രതികൾ ഉപയോഗിച്ചിരുന്നത്. പ്രതികൾ ഉപയോഗിച്ചിരുന്നു ജീപ്പ് കോംപാസ് കാറും ടിയാഗോ കാറും ആക്സസ് ബൈക്കും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

പിടിച്ചെടുത്ത വാഹനങ്ങൾ ലേലത്തിൽ കൊള്ളിച്ച് പണം ഗവൺമെന്റിലേക്ക് മുതൽകൂട്ടുന്നതിനായി എക്സൈസ് ഡിപ്പാർട്ടുമെന്റിന് ഉടനെ കൈമാറും. നിലവിൽ പ്രതികളുടെ പേരിൽ എടുത്ത കേസിൽ 10 വർഷം വരെ കഠിന തടവ് ലഭിക്കുന്നതാണ്. പരപ്പനങ്ങാടി സി ഐ ഹണി കെ.ദാസ്, എസ് ഐ മാരായ രാധാകൃഷ്ണൻ , സുരേഷ്, സി പി ഒ മാരായ ആൽബിൻ, ജിനു , അഭിമന്യു, സബറുദീൻ, വിപിൻ, രഞ്ചിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉള്ളത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.