മലപ്പുറം: 1.79 കിലോ കഞ്ചാവ് യുവാവിന്റെ വീട്ടിൽ നിന്ന് പിടികൂടി. കഞ്ചാവ് കടത്തിനുപയോഗിച്ച പ്രതിയുടെ അടുക്കളയിലെ ഫ്രിഡ്ജിനു സമീപമാണ് കഞ്ചാവ് സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കഞ്ചാവുകേസിൽ നിരീക്ഷണത്തിലായിരുന്ന യുവാവിന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുകയായിരുന്നു. സംഭവത്തിൽ പ്രതിയെ മഞ്ചേരി എൻഡിപിസി കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. ഊർങ്ങാട്ടിരി കിണറടപ്പൻ തിരുത്തിപറമ്പിൽ വീട്ടിൽ ബഷീർ (49) നെയാണ് റിമാന്റ് ചെയ്തത്.

നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ ഇയാളുടെ വീട്ടിൽ കോടതിയുടെ പ്രത്യേക അനുമതിയോടെ പൊലിസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടുത്തത്. അടുക്കളയിൽ ഫ്രിഡ്ജിനു സമീപമാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അരീക്കോട് പൊലീസ് നേരത്തെ പിടികൂടിയ കഞ്ചാവ് കേസിലെ പ്രതികൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയത് ബഷീർ ആണെന്ന് പൊലിസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് ബഷീറിന്റെ നീക്കങ്ങൾ ഒരു മാസമായി പൊലിസ് നിരീക്ഷിച്ച് വരികയായിരുന്നു.

ഇന്നലെ വൈകുന്നേരം പ്രതിയുടെ വീട്ടിലെത്തിയ പൊലിസ് സംഘം രണ്ട് മണിക്കൂറോളം സമയം പരിശോധന നടത്തി. ഇയാൾ നേരത്തെ മകളെയും കഞ്ചാവ് കടത്തുന്നതിനു ഉപയോഗിച്ചിരുന്നതാതായി പൊലിസ് പറഞ്ഞു. ഇതിന് അരീക്കോട് പൊലീസ് നേരത്തെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇയാൾക്കെതിരെ അരീക്കോട് പൊലീസ് സ്റ്റേഷനിൽ എട്ട് കഞ്ചാവ് കേസുകളും വാഴക്കാട്, മുക്കം, മഞ്ചേരി, കോഴിക്കോട് സ്റ്റേഷനുകളിലും നിരവധി എക്‌സൈസ് ഓഫിസുകളിലും കേസുകൾ നിലവിലുള്ളതായി പൊലിസ് അറിയ്ച്ചു. ബഷീറിന് കഞ്ചാവ് എത്തിച്ചു നൽകുന്ന ആളുകളെ കുറിച്ചു പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് എത്തുന്നതുമായി ബന്ധപ്പെട്ട സൂചനകളും ലഭിച്ചു. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊർജിതപ്പെടുത്താനാണ് തീരുമാനം. അന്വേഷണ സംഘം ആന്ധ്രയിലേക്ക് തിരിക്കും. മഞ്ചേരി എൻ.ഡി.പി.എസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അരീക്കോട് ഇൻസ്പെക്ടർ സി.വി ലൈജുമോൻ, എസ്‌ഐമാരായ അജാസുദ്ധീൻ, പി.വിജയൻ, അമദ്, എഎസ്ഐ കബീർ, ബഷീർ, ജയസുധ, സലീഷ്, ചേക്കുട്ടി, ഷിബു, സിസിത് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.