മലപ്പുറം: നിലമ്പൂരിൽ കൊലപാതക കേസിലെ പരാതിക്കാരൻ പ്രതിയായി മാറി. തന്റെ വീട് കയറി മർദ്ദിച്ച് കവർച്ച നടത്തിയെന്ന പരാതിയിലാണ് പ്രവാസി വ്യവസായി കുടുങ്ങിയത്. വീടുകയറി ആക്രമണവും മോഷണവും നടത്തിയെന്ന് പറഞ്ഞ് കഴിഞ്ഞ ഏപ്രിൽ 24 ന് വൈകുന്നേരം മുക്കട്ടയിലെ പ്രവാസി വ്യവസായി കൈപ്പഞ്ചേരി ഷൈബിൻ അഷ്റഫ്(40) നിലമ്പൂർ പൊലീസിൽ പരാതി നൽകിയിരുന്നു.തുടർന്നാണ് ഇയാൾക്കെതിരെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസെടുത്തത്.

കേസ് അന്വേഷണത്തിനിടെയാണ് വമ്പൻ ട്വിസ്‌റ്. കഴിഞ്ഞ ഏപ്രിൽ 24ന് ഒരു സംഘം തന്റെ വീട്ടിൽ കയറി മർദിച്ചെന്നും ലാപ്‌ടോപ്പും പണവും മൊബൈലും കവർച്ച നടത്തിയെന്നും കാണിച്ചാണ് ഷൈബിൻ  പരാതി നൽകിയിരുന്നത്. ഈ സംഭവത്തിൽ പൊലീസ് ഏഴു പേർക്കേതിരേ കേസ് രജിസ്റ്റർ ചെയ്ത് ആറുപേരെ അറസ്റ്റ് ചെയ്തു. ഈ കേസിലെ പ്രധാന പ്രതി നൗഷാദിനെ 
കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പു നടത്തിയതോടെയാണ് ഷൈബിൻ നടത്തിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ഈ സംഭവത്തിൽ ഉൾപ്പെട്ട അഞ്ചു പ്രതികൾ 29ന് സെക്രട്ടേറിയേറ്റിനു മുൻപിലെത്തി പരാതിക്കാരനെതിരേ ഗുരുതര ആരോപണമുന്നയിച്ച് തീ കൊളുത്തി ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. തിരുവനന്തപുരം കന്റോൺമെന്റ് പൊലിസ് ഇവരെ കസ്റ്റഡിയിലെടുത്ത് നിലമ്പൂർ പൊലിസിന് കൈമാറി. ഷൈബിൻ അഷ്‌റഫിനെതിരെ കൊലപാതകമുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് ഇവർ ഉന്നയിച്ചത്.

തെളിവ് ദൃശ്യങ്ങൾ ഉൾപ്പെട്ട ഒരു പെൻഡ്രൈവ് പൊലിസ് പരിശോധിച്ചതോടെയാണ് കൊലപാതകം നടന്നതായി മനസിലായത്.മൈസൂരു രാജീവ് നഗറിൽ മൂലക്കുരുവിന് ചികിത്സിക്കുന്ന ഷാബാ ശെരീഫ് (60) എന്നയാളെ ഷൈബിൻ കൊലപ്പെടുത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 2020 ഒക്ടോബറിലായിരുന്നു സംഭവം. ഷൈബിന്റെ വീട്ടിൽ ഇയാളെ ഒന്നേക്കാൽ വർഷത്തോളം തടങ്കലിൽ വച്ച് മർദിച്ച് കൊലപ്പെടുത്തി. തുടർന്ന് മൃതദേഹം വെട്ടിനുറുക്കി പ്ലാസ്റ്റിക് കവറിലാക്കി പുലർച്ചെ ചാലിയാർ പുഴയിലെറിഞ്ഞതായി അന്വേഷണത്തിൽ കണ്ടെത്തി.

ഷാബാ ശെരീഫിൽനിന്നു മൂലക്കുരുവിനുള്ള ഒറ്റമൂലിയെക്കുറിച്ച് മനസിലാക്കി, കേരളത്തിൽ മരുന്നുവ്യാപാരം നടത്തി പണം സമ്പാദിക്കാനാണ് ഇയാളെ അപായപ്പെടുത്തിയതെന്നാണ് സൂചന. ഒറ്റമൂലിയെക്കുറിച്ച് പറയാൻ തയാറാകാതെ വന്നതോടെ ചങ്ങലയിൽ ബന്ധിച്ച് ഒന്നേകാൽ വർഷത്തോളം തടവിൽ പാർപ്പിച്ച ശേഷമായിരുന്നു കൊല നടത്തിയത്.

ഷൈബിൻ, വയനാട് സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ശിഹാബുദ്ദീൻ (36), കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ് (41), ഡ്രൈവർ നിലമ്പൂർ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ് എന്നിവരുടെ സഹായത്തോടെ മൃതദേഹം കഷ്ണങ്ങളാക്കി പുഴയിൽ തള്ളുകയായിരുന്നു. ഷാബാ ശെരീഫിനെ കാണാതായതായി ബന്ധുക്കൾ മൈസൂരു സരസ്വതീപുര പൊലിസിൽ പരാതി നൽകിയിരുന്നു. ഷാബാ ശെരീഫിനെ ചങ്ങലയിൽ ബന്ധിച്ച് പീഡിപ്പിക്കുന്ന ദൃശ്യം പെൻഡ്രൈവിൽനിന്നു കണ്ടെടുത്തിട്ടുണ്ട്. ദൃശ്യത്തിൽ നിന്നു ബന്ധുക്കൾ ഷാബാ ശെരീഫിനെ തിരിച്ചറിഞ്ഞു.

കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി മലപ്പുറം ജില്ലാ പൊലിസ് മേധാവി സുജിത് ദാസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഡി.വൈ.എസ്‌പി.മാരായ സാജു കെ. അബ്രഹാം, കെ.എം. ബിജു, നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ പി. വിഷ്ണു, എസ.ഐ. മാരായ നവീൻഷാജ്, എം. അസൈനാർ, എഎസ്ഐ. മാരായ റെനി ഫിലിപ്പ്, അനിൽകുമാർ, എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരടങ്ങിയ സംഘമാണ് തുടരന്വേഷണം നടത്തുന്നത്.