പെരുമ്പാവൂർ: ഒളിവിൽ കഴിഞ്ഞിരുന്ന തിരുട്ടുഗ്രാമത്തിലെ പിടികിട്ടാപ്പുള്ളിയായ മോഷ്ടാവ് അറസ്റ്റിൽ. തമിഴ്‌നാട് സൗത്ത് പനവടലി അമ്മൻ കോവിൽ തങ്കമുത്തു (49) ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പിടിയിലാകുന്നത്. ഇയാൾക്കെതിരെ തമിഴ്‌നാട്, കർണ്ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി മോഷണ കേസുകളുണ്ട്.

പാലക്കാട് കസബ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായതിനെ തുടർന്ന് ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് നിലവിലുണ്ട്. തിരുട്ടുഗ്രാമത്തിലെ ബാഷാ ഗ്യാം എന്നറിയപ്പെടുന്ന സംഘത്തിലെ അംഗമാണ്. ഇയാളുടെ സഹോദരനെ കഴിഞ്ഞ മാർച്ചിൽ മോഷണക്കേസിൽ തൃപ്പൂണിത്തുറ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പെരുമ്പാവൂർ പൊലീസ് പ്രതിയെ കസബ പൊലീസിനു കൈമാറി. ഏ.എസ്‌പി അനൂജ് പലിവാൽ സബ്ബ് ഇൻസ്‌പെക്ടർമാരായ സി.രഞ്ജിത്ത്, ജോസി.എം.ജോൺസൻ, റിൻസ്.എം.തോമസ്, സി.പി.ഒ മാരായ സുബൈർ, അബ്ദുൾ മനാഫ്, ഷമീർ എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.