മലപ്പുറം: ധരിച്ച ഷൂവിനകത്ത് രണ്ട് പാക്കറ്റുകളാക്കി കരിപ്പൂർ വിമാനത്താവളം വഴി സ്വർണം ഒളിച്ച് കടത്താനുള്ള ശ്രമത്തിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ ക്യാമ്പിൻ ക്രൂ കസ്റ്റംസിന്റെ പിടിയിലായി. എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ ക്യാമ്പിൻ ക്രൂഡൽഹി ആസാദ്പൂർ രാമേശ്വർ നഗറിലെ നവ്‌നീത് സിങ്ങ് (28) ആണ് എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗത്തിന്റെ പിടിയിലായത്.

ദുബായിൽ നിന്നും എത്തിയ ഐഎക്സ് 356 എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ ജീവനക്കാരനായിരുന്നു ഇയാൾ. കാലിൽ ധരിച്ച ഷൂവിനകത്ത് രണ്ട് പാക്കറ്റുകളാക്കി ഒളിച്ച് വച്ചാണ് ഇയാൾ സ്വർണം കൊണ്ട് വന്നത്. 1399 ഗ്രാം സ്വർണ്ണമാണ് കസ്റ്റംസ് കണ്ടെടുത്തത്. 63 ലക്ഷം രൂപ വിലവരുന്നതാണ് സ്വർണം.രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.

അതേ സമയം കരിപ്പൂർ വിമാനത്താവള കസ്റ്റംസിനെ വെട്ടിച്ച് പുറത്തു കടത്തിയ രണ്ടേമുക്കാൽ കിലോ സ്വർണവുമായി മറ്റൊരു യാത്രക്കാരനും ഇന്നു കരിപ്പൂർ പൊലീസിന്റെ പിടിയിലായി. കോഴിക്കോട് കൂരാച്ചുണ്ട് പാറുപറമ്പിൽ അബ്ദുസലാം (41)ആണ് സ്വർണവുമായി പിടിയിലായത്. ഇയാളിൽ നിന്നു ഒന്നര കോടിരൂപ വില മതിക്കുന്ന സ്വർണമാണ് കണ്ടെടുത്തത്. ക്യാപ്‌സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിച്ചുവച്ചും പ്ലാസ്റ്റിക് കവറിനുള്ളിലാക്കി തുണികൊണ്ടുള്ള ബെൽറ്റിനുള്ളിൽ അരയിൽ കെട്ടിയുമാണ് കസ്റ്റംസിനെ വെട്ടിച്ച് ഇയാൾ സ്വർണം പുറത്തു കടത്തിയത്. 2018 ഗ്രാം സ്വർണം അരയിൽ കെട്ടിയും 774 ഗ്രാം സ്വർണം ശരീരത്തിനുള്ളിൽ ഒളിച്ചുവച്ചുമാണ് കണ്ടെത്തിയത്.

രഹസ്യവിവരത്തെ തുടർന്നു നേരത്തെത്തന്നെ വിമാനത്താവളത്തിനു പുറത്തുകാത്തു നിന്ന പൊലീസ് അബ്ദുസലാം ടാക്സിയിൽ കയറി പോകുന്നതിനിടെ വിമാനത്താവള കവാടത്തിനു പുറത്തുവച്ച് വാഹനം തടഞ്ഞു പിടികൂടുകയായിരുന്നു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു നടത്തിയ എക്‌സ്‌റേ പരിശോധനയിലാണ് ശരീരത്തിന്റെ രഹസ്യ ഭാഗങ്ങളിൽ സ്വർണ മിശ്രിതം ക്യാപ്‌സ്യൂൾ രൂപത്തിൽ കണ്ടെത്തിയത്. ബ്ഹ്റൈനിൽ നിന്നു എയർ ഇന്ത്യാ വിമാനത്തിലാണ് ഇയാൾ കരിപ്പൂരിലെത്തിയത്. സ്വർണം മിശ്രിത രൂപത്തിലാക്കിയ മൂന്നു ഗുളികളാണ് ഇയാളുടെ ശരീരത്തിൽ നിന്നു കണ്ടെടുത്തത്. കസ്റ്റഡയിലെടുത്ത ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.