മലപ്പുറം: യുവതിക്ക് അശ്ളീല വീഡിയോകളും, ഫോട്ടോകളും സോഷ്യൽ മീഡിയ വഴി അയക്കുകയും നിരന്തരം ശല്യം ചെയ്യുകയും ചെയ്ത യുവാവ് തേഞ്ഞിപ്പലം പൊലീസിന്റെ പിടിയിൽ. ചാരിറ്റി പ്രവർത്തക കൂടിയായ സീന ഐക്കരപ്പടിയുടെ പരാതിയിൽ വൈക്കം മറവൻതുരുത്ത് സ്വദേശി അപ്പക്കോട് സുമേഷ് (43) നെയാണ് തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

തന്റെ പേരിൽ വ്യാജ ഗ്രൂപ്പുകളുണ്ടാക്കിയും മറ്റും ഒരു വർഷത്തോളമായി തന്നെ ശല്യം ചെയ്യുകയും സമൂഹ മധ്യത്തിൽ അപമാനിക്കുകയും ചെയ്യുന്നതായും കൂടുതൽ ആളുകൾ ഇതിന് പിന്നിലുണ്ടെന്നും സീന ഐക്കരപ്പടി പറഞ്ഞു. ഫെയ്സ് ബുക്ക് പേജിലൂടെയും മറ്റും ശല്യപ്പെടുത്തിയ നിരവധി പേരുണ്ടെന്നും ഇവർ പറഞ്ഞു.

സീന സൈബർ സെല്ലിന് നേരെത്തെ പരാതി നൽകിയിരുന്നു. എന്ത് തെമ്മാടിത്തരവും പറയാനുള്ളതല്ല സ്ത്രീകൾ. ഇനിയെങ്കിലും സ്ത്രീകൾ പ്രതികരിക്കാൻ പഠിക്കണം. സമൂഹത്തിനെ പേടിച്ച് അവർ മരണത്തിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ. പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കണമെന്നും ചൂണ്ടിക്കാട്ടി സീന ഐക്കരപ്പടി നേരത്തെ ഫേസ്‌ബുക്ക് ലൈവിൽ വരികയും ചെയ്തിരുന്നു.