- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാമ്യ വ്യവസ്ഥ ലംഘിച്ച് നാട്ടിലെത്തി ഗൂണ്ടാപ്പിരിവ്; 21 കേസുകളിലെ പ്രതിയായ 29 കാരൻ ചെങ്ങമനാട് പിടിയിൽ
ആലുവ: ജാമ്യ വ്യവസ്ഥ ലംഘിച്ച് നാട്ടിലെത്തി പണപ്പിരിവ് നടത്തിയ നിരന്തര കുറ്റവാളി പിടിയിൽ. നെടുമ്പാശ്ശേരി തുരുത്തിശേരി വിഷ്ണു വിഹാറിൽ വിനു വിക്രമൻ (29) ആണ് ചെങ്ങമനാട് പൊലീസിന്റെ പിടിയിലായത്. ബുധനാഴ്ച വൈകിട്ട് വിനു വിക്രമന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം അടുവാശ്ശേരി മുതലാളി പീഠിക ഭാഗത്ത് കെട്ടിട സാമഗ്രികൾ വിൽപ്പന നടത്തുന്ന പാർക്കിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും സ്ഥാപന ഉടമ സുമേഷിനോട് പണം ആവശ്യപ്പെടുകയും ചെയ്തു.
പണം കൊടുക്കാതിരിക്കുകയോ, പൊലീസിൽ അറിയിക്കുകയോ ചെയ്താൽ രാത്രി വീട്ടിൽ കയറി വെട്ടി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയുമുണ്ടായി. 2019 ൽ അത്താണിയിൽവച്ച് ഗില്ലാപ്പി ബിനോയി എന്നയാളെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ്. വിചാരണ തീരുന്നതുവരെ ജില്ലയിൽ പ്രവേശിക്കരുതെന്നും, മറ്റു കേസുകളിൽ പ്രതിയാവരുതെന്നുമുള്ള ഉപാധികളോടെയാണ് കോടതി വിനു വിക്രമിന് ജാമ്യം അനുവദിച്ചത്. ഇതു ലംഘിച്ചാണ് നാട്ടിൽ പണപ്പിരിവിനെത്തിയത്.
ഇരുപത്തി ഒന്ന് കേസുകളിൽ പ്രതിയായ ഇയാളെ രണ്ട് പ്രാവശ്യം കാപ്പ ചുമത്തി ജയിലിലാക്കുകയും, ഒരു പ്രാവശ്യം നാടുകടത്തുകയും ചെയ്തിട്ടുണ്ട്. മുനമ്പത്തുള്ള ഒരു ഹോട്ടലിൽ നിന്നുമാണ് പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ എസ്‌ഐ പി.ജെ കുര്യാക്കോസ്, ഏ. ഏസ് .ഐ ആന്റണി ജെയ്‌സൻ, സി.പി. ഒ മാരായ ലിൻസൺ പൗലോസ്, അഭിലാഷ് (മുനമ്പം) തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായത്.
മറുനാടന് മലയാളി ലേഖകന്.