- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുട്ടപ്പായിയോട് റപ്പായി ക്ഷമിച്ചെങ്കിലും സിനീഷിനോട് പ്രകാശൻ പൊറുത്തില്ല; ജോഷിയുടെ 'സംഘം' സിനിമാ സ്റ്റൈലിൽ സ്വന്തം വീടിന്റെ പൂട്ടുതകർത്ത് മോഷണം; കോഴിക്കോട് പരിയങ്ങോട്ട് വീട്ടുടമയുടെ മകൻ അറസ്റ്റിൽ
കോഴിക്കോട്: ജോഷി സംവിധാനം ചെയ്ത സംഘം സിനിമയിൽ പിതാവായ റപ്പായിയുടെ പണം മോഷ്ടിക്കാൻ മകൻ കുട്ടപ്പായി നടത്തുന്ന ഒരു ശ്രമമുണ്ട്. പൊലീസ് എത്തിയെങ്കിലും മകൻ തന്നെയാണ് പിന്നിലെന്ന് മനസ്സിലാക്കിയ റപ്പായി പൊലീസിനെ മടക്കി അയയ്ക്കുകയാണ്. ഇതുപോലെയാണ് പെരുവയലിലും മോഷണം നടന്നത്. പെരുവയൽ പരിയങ്ങാട് പട്ടാപകൽ വീട്ടിൽ നിന്നും പണം കവർച്ച ചെയ്ത സംഭവത്തിൽ വീട്ടുടമസ്ഥന്റെ മകനെ തന്നെ പൊലീസ് അറസ്റ്റു ചെയ്തു.
പുനത്തിൽ പ്രകാശൻ എന്നയാളുടെ വീടിന്റെ പൂട്ട് തകർത്ത് നടത്തിയ മോഷണത്തിലാണ് ഇദ്ദേഹത്തിന്റെ മകൻ മാവൂർ പൊലീസിന്റെ പിടിയിലായത്. പ്രകാശന്റെ മകനായ സിനീഷ് (31) എന്ന അപ്പൂസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്‌ച്ച പകലാണ് മോഷണം നടന്നത്.
വീടിന്റെ അടുക്കള വശത്തെ ഗ്രില്ലിന്റെ പൂട്ട് തകർത്ത് അകത്ത് കയറിയായിരുന്നു മോഷണം. സംഭവ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. വീട്ടുകാർ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. മുറികളിലെ അലമാരകളും മറ്റും തുറന്ന് തുണികൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ മാവൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
അടുക്കള വശത്തെ നിലത്ത് മുളക് പൊടി വിതറുകയും അവിടെ വലിയ ഷൂവിന്റെ പാട് കൃത്യമായി പതിയുകയും ചെയ്തിരുന്നു. മോഷണം നടന്ന സമയത്ത് പരിസരത്തെ വീട്ടുകാരാരും വിവരമറിഞ്ഞിരുന്നില്ല. ഇത് പൊലീസിന് സംഭവത്തിൽ അസ്വാഭാവികത തോന്നാൻ കാരണമായി. തുടർന്ന് പ്രകാശന്റെ മകനെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
നേരത്തെ പ്രകാശനറിയാതെ മുപ്പതിനായിരം രൂപ സിനീഷ് മോഷ്ടിച്ചിരുന്നു. ഇത് വാഹനത്തിന്റെ കടം വീട്ടാനാണ് ഉപയോഗിച്ചത്. ബാക്കി അലമാരയിലുണ്ടായിരുന്ന ഇരുപതിനായിരം രൂപയാണ് വെള്ളിയാഴ്‌ച്ച പൂട്ട് തകർത്ത് മോഷ്ടിച്ചത്. പണം എടുത്തത് പുറത്തു നിന്നുള്ള മോഷ്ടാക്കളാണെന്ന് തെറ്റിദ്ധരിപ്പിക്കലായിരുന്നു പ്രതിയുടെ ലക്ഷ്യം.
അതാണ് മാവൂർ പൊലീസിന്റെ അന്വേഷണത്തിൽ തെളിയിക്കാനായത്. തെളിവെടുപ്പിനിടെ ഒളിച്ചു വെച്ച പണവും പൂട്ട് മുറിക്കാൻ ഉപയോഗിച്ച ആക്‌സോ ബ്ലേഡും പ്രതി പൊലീസിന് കാണിച്ചു കൊടുത്തു. അറസ്റ്റിലായ സിനീഷിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.
മാവൂർ പൊലീസ് ഇൻസ്‌പെക്ടർ കെ വിനോദൻ, എസ് ഐ മാരായ മഹേഷ് കുമാർ, പുഷ്പചന്ദ്രൻ, എ എസ് ഐ. സജീഷ്, എസ് സി പി ഒ അസീസ്, സി പി ഒമാരായ ലിജു ലാൽ, ലാലിജ് ഷാഫലി തുടങ്ങിയവർ അന്യേഷണത്തിന് നേതൃത്വം നൽകി.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.