മലപ്പുറം: മഞ്ചേരിയിലെ സ്വർണ്ണാഭരണ നിർമ്മാണ ശാലയിൽ നിന്നും ജൂവലറികളിലേക്ക് സ്‌കൂട്ടറിൽ വിതരണത്തിനായി കൊണ്ടുപോവുകയായിരുന്ന 456 ഗ്രാം തൂക്കം വരുന്ന സ്വർണ്ണാഭരണങ്ങൾ തന്ത്രപൂർവ്വം തട്ടിയെടുത്ത പ്രതികളെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി നഷ്ടപ്പെട്ട സ്വർണം പൂർണ്ണമായും കണ്ടെടുത്തു.

മഞ്ചേരി കാരക്കുന്നിലെ ജൂവലറിയിൽ പങ്കാളിത്തമുള്ള വഴിക്കടവ് കുന്നുമ്മൽപ്പൊട്ടി മൊല്ലപ്പടി സ്വദേശി ചെമ്പൻ ഫർസാൻ എന്ന മുന്ന(26) സഹായി കുന്നുമ്മൽപ്പൊട്ടി പറമ്പൻ മുഹമ്മദ് ഷിബിലി എന്ന ഷാലു (22) എന്നിവരെയാണ് മോഷണം നടന്ന് മണിക്കൂറുകൾക്കകം പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. മഞ്ചേരിയിൽ സ്വർണ്ണ വ്യാപാരം നടത്തുന്ന പോത്തുകല്ല് സ്വദേശി വായാടൻ പ്രദീഷ് വിവിധ ജൂവലറികളിലേക്കായി വിതരണത്തിനു കൊണ്ടുവന്ന സ്വർണ്ണാഭരണമാണ് പ്രതികൾ തട്ടിയെടുത്തത്.

മഞ്ചേരി കാരക്കുന്നിലെ സ്വർണ്ണക്കടയിലെ പങ്കാളിയായ ഫർസാന് പ്രദീഷുമായി സ്വർണ്ണമിടപാടിൽ മുൻ പരിചയമുണ്ടായിരുന്നു. ഫർസാന്റെ കടയിലും സ്വർണ്ണമെത്തിച്ചിരുന്നത് പ്രദീഷായിരുന്നു. ഇങ്ങനെ പ്രദീഷ് സ്വർണം വിതരണം ചെയ്യുന്ന രീതിയും, റൂട്ടും മനസ്സിലാക്കിയ ഫർസാൻ സ്വർണം തട്ടിയെടുക്കാൻ പദ്ധതി തയ്യാറാക്കുകയായിരുന്നു. രണ്ടു ദിവസം മുമ്പ് പ്രദീഷിന്റെ കടയിലെത്തി താത്കാലികാവശ്യത്തിനെന്ന് പറഞ്ഞ് സ്‌കൂട്ടർ വാങ്ങി കൊണ്ടുപോയ ഫർസാൻ സ്‌കൂട്ടറിന്റെ ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉണ്ടാക്കിയതിനു ശേഷം സ്‌കൂട്ടർ മടക്കി കൊടുക്കുകയായിരുന്നു.

പിന്നീട് അടവ് തെറ്റിയ വാഹനം പിടിച്ചു കൊടുത്താൽ നല്ലൊരു തുക പ്രതിഫലം ലഭിക്കും എന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് ശിബിലിയെ കൂടെ കൂട്ടിയ ഫർസാൻ 7 ന് രാവിലെ മഞ്ചേരിയിലെത്തുകയും സ്‌കൂട്ടറിൽ സ്വർണ്ണവിതരണത്തിന് പോവുകയായിരുന്ന പ്രദീഷിനേയും സ്‌കൂട്ടറും കാണിച്ചു കൊടുത്തു. തുടർന്ന് പ്രദീഷ് അറിയാതെ ഇരുവരും ഫർസാന്റെ ബുള്ളറ്റ് ബൈക്കിൽ പിന്തുടർന്ന് ഉച്ചയോടെ പൂക്കോട്ടും പാടത്ത് എത്തുകയും ഫർസാൻ പ്രദീഷിനെ ഫോണിൽ വിളിച്ച് താൻ സഹോദരന്റെ ഭാര്യയെ കാളികാവിലെ വീട്ടിലാക്കി തിരിച്ചു വരുന്നുണ്ടെന്നും പൂക്കോട്ടും പാടത്ത് വെച്ച് കാണണമെന്നും അറിയിച്ചു.

ഈ സമയം പ്രദീഷ് പൂക്കോട്ടും പാടത്തെ ജൂവലറിയിൽ സ്വർണ്ണമിടപാട് നടത്തുകയായിരുന്നു. വീണ്ടും ഫർസാൻ ഫോണിൽ വിളിച്ച് പൂക്കോട്ടും പാടത്തെ ബേക്കറിയിലേക്ക് നിർബന്ധിച്ച് ജ്യൂസ് കുടിക്കാൻ ക്ഷണിക്കുകയും, പ്രദീഷ് കടയിലെത്തി സ്‌കൂട്ടർ കടക്കു സമീപം നിർത്തി കടയിലേക്ക് കയറി ഫർസാനുമൊത്ത് ജ്യൂസ് കുടിക്കുന്ന സമയം പുറത്തു കാത്തു നിന്ന ഷിബിലി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് സ്വർണ്ണമടങ്ങിയ സ്‌കൂട്ടറുമായി കടന്നു കളഞ്ഞു.

പുറത്തിറങ്ങിയ പ്രദീഷ് സ്‌കൂട്ടർ കാണാതെ പരിഭ്രമിച്ചപ്പോൾ ഫർസാൻ നമുക്ക് പരിസരങ്ങളിൽ അന്വേഷിക്കാമെന്നു പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ പോകാതെ തന്ത്രത്തിൽ പ്രദീഷിനെ പിന്തിരിപ്പിച്ചു. പ്രദീഷ് ഉടനെ സ്വർണ്ണവ്യാപാരത്തിൽ പങ്കാളിയായ ബന്ധുവിനെ വിവരം അറിയിച്ചതിൽ പെട്ടെന്ന് പൊലീസിൽ അറിയിക്കാൻ പറഞ്ഞതു പ്രകാരം ഫർഷാനേയും കൂട്ടി പ്രദീപ് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നിലമ്പൂർ DYSP സാജു കെ. അബ്രഹാമിന്റെ മേൽ നോട്ടത്തിൽ പ്രത്യേക സംഘം പ്രദീഷിനേയും ഫർസാനേയും ചോദ്യം ചെയ്തതിൽ ഫർസാൻ പരസ്പര വിരുദ്ധമായി മറുപടി പറയുകയും സി സിടിവി ദൃശ്യങ്ങൾ സഹിതം ചോദ്യം ചെയ്തതിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടർന്ന് തന്ത്രപൂർവം ഷിബിലിനെ ഫോൺ ചെയ്ത് പൂക്കോട്ടും പാടത്ത് എത്തിച്ച് കസ്റ്റഡിയിൽ എടു ക്കുകയായിരുന്നു.

മോഷ്ടിച്ച സ്‌കൂട്ടർ സ്വർണ്ണാഭരണങ്ങൾ സഹിതം ഫർസാന്റെ വീടിനു സമീപമുള്ള ഒഴിഞ്ഞ പറമ്പിൽ ഒളിപ്പിച്ച നിലയിൽ പിന്നീട് കണ്ടെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കും. പൂക്കോട്ടുംപാടം പൊലീസ് ഇൻസ്പെക്ടർ സി.എൻ സുകുമാരന്റെ നേതൃത്വത്തിൽ ടക ജയകൃഷ്ണൻ, ബിനു കുമാർ, സി അജീഷ്, പ്രത്യേക അന്വേഷണ സംഘത്തിലെ ടക എം.അസ്സൈനാർ, എൻ.പി സുനിൽ, കെ.ടി. ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്