മലപ്പുറം: പുലാമന്തോളിൽ വീട്ടിലെ റെയ്ഡിൽ രണ്ടര കിലോഗ്രാം കഞ്ചാവും 2 ലിറ്റർ ചാരായവും പിടികൂടി. എക്സൈസ് റേഞ്ചും മലപ്പുറം എക്സൈസ് ഇന്റലിജൻസ് ബ്യൂറോയും സംയുക്തമായാണ് പുലാമന്തോൾ വളപുരം ഭാഗത്തുള്ള വീട്ടിൽ റെയ്ഡ് നടത്തിയത്. പെരിന്തൽമണ്ണ താലൂക്കിൽ പുലാമന്തോൾ പഞ്ചായത്തിൽ വളപുരം ദേശത്തു വാൽപറമ്പിൽ വീട്ടിൽ വിവേകാനന്ദനെ(36) പെരിന്തൽമണ്ണ റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ മുഹമ്മദ് അബ്ദുൽ സലിം അറസ്റ്റ് ചെയ്തു. വളപുരം, ഓണപ്പുട, പുലാമന്തോൾ, പാലൂർ ഭാഗങ്ങളിൽ വ്യാപകമായി കഞ്ചാവും വ്യാജ മദ്യവും വില്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായത്.

തമിഴ്‌നാട്ടിൽ നിന്നും നിന്നും ആന്ധ്രയിൽ നിന്നും ട്രെയിൻ മാർഗമോ വാടകക്കെടുത്ത ആഡംബര കാറുകളിലുമായോ ആണ് കേരളത്തിലേക്ക് കഞ്ചാവ് കടത്തി കൊണ്ടുവരുന്നത്. ഇത്തരം കടത്ത് തടയാൻ ശ്രമിക്കുന്ന എക്സൈസ് പൊലീസ് ഉദ്യോഗസ്ഥരെ അപകടപ്പെടുത്തുന്ന രീതിയിലും മറ്റും വാഹനമോടിച്ച് രക്ഷപ്പെടുന്ന രീതിയാണ് ഇവരുടേത്. ഇത്തരത്തിൽ എത്തിക്കുന്ന കഞ്ചാവ് ആളൊഴിഞ്ഞ വീടുകളിലും വാടക ക്വാർട്ടേഴ്സുകളിലും സൂക്ഷിച്ച് വിൽപ്പന നടത്തുകയാണ് പതിവ്.

സ്‌കൂളുകളും കോളേജുകളും തുറന്ന സാഹചര്യത്തിൽ എക്സൈസ് ഇന്റലിജൻസ് നടത്തിയ രഹസ്യ നിരീക്ഷണത്തിൽ ആണ് കഞ്ചാവും, ചാരായവും കണ്ടെടുക്കാൻ ആയത്. സംഘത്തിലെ മറ്റ് ആളുകളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു.

സംഘത്തിൽ അസി. എക്സൈസ് ഇൻസ്‌പെക്ടർ അജികുമാർ, പ്രിവന്റീവ് ഓഫീസർ വി. കുഞ്ഞിമുഹമ്മദ്, ഐ. ബി. പ്രിവന്റീവ് ഓഫീസർ ഡി. ഷിബു, സിവിൽ എക്സൈസ് ഓഫീസർ മാരായ കെ. എസ്.അരുൺകുമാർ, സുരേഷ്ബാബു. സി, മുഹമ്മദ് ഹബീബ്, രാജേഷ്. എ. കെ, വനിത സിവിൽ എക്സൈസ് ഓഫീസർ ശ്രീജ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.