മലപ്പുറം: നാടൻ തോക്കുകളും തിരകളും പെല്ലറ്റുകളുമായി മൂന്ന്പേർ പെരിന്തൽമണ്ണയിൽ പിടിയിൽ. മലപ്പുറം ജില്ലയിൽ അനധികൃതമായി നാടൻ തോക്കുകളും തിരകളും കൈവശം വച്ച് നായാട്ട് നടത്തുന്നതായി മലപ്പുറം ജില്ലാപൊലീസ് മേധാവി എസ്.സുജിത്ത് ദാസിന് രഹസ്യ വിവരം ലഭിച്ചിരുന്നു.

പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം.സന്തോഷ് കുമാർ, സിഐ.സുനിൽ പുളിക്കൽ എന്നിവരുടെ നേതൃത്വത്തിൽ എസ്‌ഐ.മാരായ സി.കെ.നൗഷാദ് , സന്തോഷ് , എന്നിവരടങ്ങുന്ന സംഘം ഒരാഴ്ചയോളം നിരീക്ഷിച്ച് നടത്തിയ പരിശോധനയിലാണ് മൂന്ന് വീടുകളിലായി അനധികൃതമായി സൂക്ഷിച്ച മൂന്ന് നാടൻ തോക്കുകളും തിരകളും പെല്ലറ്റുകളും കണ്ടെത്തിയത്.

ചെറുകര സ്വദേശികളായ കരിമ്പനക്കൽ പറമ്പിൽ അരുൺ (30), പട്ടുക്കുത്ത് സുരേഷ്‌കുമാർ (41), കാവുംപുറത്ത് റോസ് ( 34) എന്നിവരെ അറസ്റ്റ് ചെയ്തത്. ജില്ലയിൽ അനധികൃതമായി നാടൻതോക്കുകൾ കൈവശം വയ്ക്കുകയും മതിയായ പരിജ്ഞാനമില്ലാതെ അതുപയോഗിച്ച് നായാട്ട് നടത്തുന്നതിനിടയിൽ ആളുകൾക്ക് വെടിയേറ്റ് പരിക്കേറ്റ് മരണപ്പെടുകയും ചെയ്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

തുടർന്ന് ഇത്തരത്തിൽ അനധികൃതമായി നാടൻ തോക്ക് കൈവശം വച്ച് ഉപയോഗിക്കുന്ന നായാട്ടുസംഘങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. നായാട്ടിന് ഉപയോഗിക്കുന്നതിനായി പണം കൊടുത്ത് വാങ്ങിയ തോക്കുകളാണ് പിടിച്ചെടുത്തത്. മൂന്ന് തോക്കുകളും വീടുകളിൽ പാർട്സുകളാക്കി ഒളിപ്പിച്ചുവച്ച നിലയിലായിരുന്നു. മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തതായും ഈ സംഘത്തിലെ മറ്റുള്ളവരെ കുറിച്ച് വിവരം ലഭിച്ചതായും നിരീക്ഷണത്തിലാണെന്നും പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം.സന്തോഷ് കുമാർ അറിയിച്ചു.

പെരിന്തൽമണ്ണ സിഐ,എസ്‌ഐ, എന്നിവരും പ്രൊബേഷൻ എസ്‌ഐ.മാരായ എസ്.ഷൈലേഷ് ,സജേഷ്ജോസ് ,എഎസ്ഐ. വിശ്വംഭരൻ, എന്നിവരും പെരിന്തൽമണ്ണ ഡാൻസാഫ് ടീമും സംഘത്തിലുണ്ടായിരുന്നു.