- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോളണ്ടിൽ നിന്ന് അന്താരാഷ്ട്ര കൊറിയർ വഴി നേരിട്ട് എത്തിക്കും; ലക്ഷ്യം ഗോവയിലെയും ബെംഗളുരുവിലെയും ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്ന ഐടി വിദഗ്ദ്ധർ; 10 ലക്ഷം വിലമതിക്കുന്ന എൽഎസ്ഡി സ്റ്റാമ്പ് കടത്തിയ 'വ്യാസഭായ്' എറണാകുളം എക്‌സൈസിന്റെ പിടിയിൽ
കൊച്ചി: പോളണ്ടിൽ നിന്ന് അന്താരാഷ്ട്ര കൊറിയർ സംവിധാനം ഉപയോഗിച്ച് അതിമാരക രാസലഹരിയായ എൽഎസ്ഡി സ്റ്റാമ്പ് കടത്തികൊണ്ട് വന്നയാൾ എക്‌സൈസിന്റെ പിടിയിൽ. തലശ്ശേരി മണ്ണയാടിൽ താമസിക്കുന്ന കാവ്യാസ് വീട്ടിൽ വികാസ് സത്യശീലനെയാണ് (35) എറണാകുളം സിറ്റി എക്‌സൈസ് റേഞ്ച് അറസ്റ്റ് ചെയ്തത്.
ഉപഭോക്താക്കൾക്കിടയിൽ 'വ്യാസ് ഭായ് ' എന്നറിയപ്പെടുന്ന ഇയാൾ വൻതോതിൽ മയക്ക് മരുന്ന് വിൽപന നടത്തിവരുകയായിരുന്നു. ഗോവാ , ബാംഗ്ലൂർ എന്നി സ്ഥലങ്ങളിലെ ഡി ജെ പാർട്ടികളിൽ പങ്കെടുക്കുന്ന ഐ ടി വിദഗ്ദ്ധർക്കാണ് ഇയാൾ പ്രധാനമായും രാസലഹരി എത്തിച്ചിരുന്നത്. വിപണിയിൽ പത്ത് ലക്ഷത്തോളം മൂല്യമുള്ള മയക്ക് മരുന്നാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്.
എറണാകുളം കസ്റ്റംസ് പോസ്റ്റൽ അപ്രയ്‌സിങ് ഓഫീസിൽ വന്ന പാഴ്‌സൽ സംശയാസ്പദമായ സാഹചര്യത്തിൽ തടഞ്ഞ് വയ്ക്കുകയും, തുടർന്ന് പരിശോധന നടത്തുകയും ചെയ്തതിനെ തുടർന്ന് കസ്റ്റംസ് ടീം സിറ്റി എക്‌സൈസ് റേഞ്ചിനെ വിവരം അറിയാക്കുകയായിരുന്നു.
ഇത് പരിശോധന നടത്തിയതിൽ ഗോൾഡൻ ഡ്രാഗൺ (Golden Dragon ) വിഭാഗത്തിൽപ്പെടുന്ന അതിമാരകമായ 200 എണ്ണം എൽ എസ് ഡി സ്റ്റാമ്പുകൾ സിറ്റി റേഞ്ച് എക്‌സൈസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
തുടർന്ന് എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ പി വി ഏലിയാസിന്റെ നിർദ്ദേശത്തെ തുടർന്ന് അസ്സി. കമ്മീഷണർ ബി. ടെനിമോന്റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് പ്രതിക്ക് വേണ്ടി അന്വേഷണം നടത്തിവരികയായിരുന്നു. എക്‌സൈസിന്റെ ചരിത്രത്തിലെ തന്നെ റെക്കോഡ് വേഗത്തിലാണ് സംഭവത്തിൽ പ്രതിയെ പിടികൂടിയത്.
ഡാർക്ക് വെബിലൂടെയുള്ള ഇടപാട് ആയതിനാൽ പ്രതിയെ കണ്ടെത്തുന്നത് വളരെ ദുഷ്‌കരമാണെന്നിരിക്കെ ഈ ദൗത്യം എക്‌സൈസിന്റെ സ്‌പെഷ്യൽ ആക്ഷൻ ടീം ഏറ്റെടുത്ത് ഇവരുടെ സമയോചിതമായ ഇടപെടൽ നടത്തിയതിനെ തുടർന്നാണ് അതിവിദഗ്ധമായി പ്രതിയെ പിടികൂടാൻ കഴിഞ്ഞത്. നൂതന സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി എറണാകുളത്ത് നിന്ന് പ്രതിയെ കണ്ണൂരിൽ പ്രതിയെ താമസ സ്ഥലത്തു നിന്ന് തന്നെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇയാളുടെ താമസസ്ഥലത്ത് മയക്ക് മരുന്നിന്റെ വൻശേഖരം തന്നെ ഉണ്ടായിരുന്നു. ഇയാളുടെ താമസ സ്ഥലത്തു നിന്നും 6 ഗ്രാം എം ഡി എം എ, 260 മില്ലി ഹെറോയിൻ , 20 ഗ്രാം ഹാഷിഷ് , 36 മില്ലിഗ്രാം LSD, 105 ഗ്രാം കഞ്ചാവ് എന്നിവയും എക്‌സൈസ് സംഘം കണ്ടെടുത്തു. ഡാർക്ക് വെബ് വഴി ഇത്തരത്തിൽ നടത്തുന്ന ലക്ഷങ്ങളുടെ ഇടപാടുകൾ കണ്ടെത്തുക എന്നത് വളരെ ദുഷ്‌കരമാണ്. ബിറ്റ് കോയിൻ ഉപയോഗിച്ചാണ് വിദേശത്ത് നിന്നും ഇതു പോലുള്ള മയക്ക് മരുന്ന് ഇടപാടുകൾ നടത്തുന്നത്. അതിവിദഗ്ധമായി ഇത്തരത്തിൽ നടത്തുന്ന ഇടപാടുകളിൽ കുറ്റവാളികളെ കണ്ടെത്തുക എന്നുള്ളത് അതീവ ദുഷ്‌കരമാണ്. Golden Dragon പോലുള്ള എൽ എസ് ഡി സ്റ്റാമ്പിന് ഒരെണ്ണത്തിന് 3000 മുതൽ 5000 വരെയാണ് ഇടാക്കി വരുന്നത്.
പോളണ്ട്, നെതർലന്റ് പോലുള്ള രാജ്യങ്ങളിൽ നിന്ന് അന്താരാഷ്ട്ര കൊറിയർ വഴി നേരിട്ട് എത്തിക്കുന്ന ഇത്തരം സ്റ്റാമ്പുകൾക്ക് ഡി ജെ പാർട്ടികൾക്കിടയിൽ വൻ ഡിമാന്റായതിനാൽ വൻ വിലയും ഇതിന് ഈടാക്കി വരുന്നു. 17 മണിക്കൂർ മുതൽ 24 മണിക്കൂർ വരെ നേരത്തെക്ക് ഇതിന്റെ വീര്യം നിലനിൽക്കും. ഇത് നിരന്തരമായി ഉപയോഗിച്ചു വരുന്നവർ വിഷാദരോഗം ബാധിച്ച് ഒടുവിൽ ആത്മഹത്യയിലേക്ക് പോകുന്ന രീതിയാണ് പൊതുവെ കാണുന്നത് എന്ന് ഈ മേഖലയിലെ വിദഗ്ദർ പറയുന്നു.
ഈ കേസ്സിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും ഡിപ്പാർട്ട്‌മെന്റിന്റെ സാധ്യമായ എല്ലാ അധികാരങ്ങൾ ഉപയോഗിച്ചും മറ്റ് വകുപ്പുകളുടെ സഹകരണത്തോടെ അന്വേഷണം ഊർജിതമാക്കുമെന്നും എക്‌സൈസ് അധികൃതർ അറിയിച്ചു. എറണാകുളം സിറ്റി എക്‌സൈസ് റേഞ്ചിലെ സ്‌പെഷ്യൽ ആക്ഷൻ ടീം അംഗങ്ങളായ ഇൻസ്‌പെക്ടർ ഹനീഫ എം.എസ്, അസ്സി. ഇൻപെക്ടർ കെ.വി ബേബി, പ്രിവന്റീവ് ഓഫീസർ അജിത് കുമാർ എൻ.ജി, സിവിൽ ഓഫീസർമാരായ എൻ.ഡി. ടോമി, വിമൽ രാജ് ആർ, പ്രവീൺ എസ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
മറുനാടന് മലയാളി ലേഖകന്.