മലപ്പുറം: കാലിക്കറ്റ് സർവകലാശാല കാമ്പസിൽ 12കാരിയെ പീഡിപ്പിച്ച സെക്യൂരിറ്റി ജീവനക്കാരനെ കുറിച്ചു പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു. സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ഇന്നു വിമുക്തഭടൻ കൂടിയായ വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി എം.മണികണ്ഠനാണ്(38) പിടിയിലായത്.

ജോലിസമയത്തായിരുന്നു ഇയാൾ കുറ്റകൃത്യം ചെയ്തത്. കരാർ ജീവനക്കാരനായ പ്രതിയെ പിരിച്ചുവിട്ടതായി സർവകലാശാല അധികൃതർ അറിയിച്ചിട്ടുണ്ട്. ജൂൺ 29നായിരുന്നു പീഡനം. പ്ളസ് വൺ പരീക്ഷയ്ക്ക് ശേഷം, സർവകലാശാല കാമ്പസിൽ നിർമ്മാണപ്രവൃത്തി നടക്കുന്നിടത്ത് ഇരിക്കുകയായിരുന്ന പ്രദേശത്തെ സ്‌കൂളിലെ വിദ്യാർത്ഥിനികളുടെ ചിത്രം പ്രതി മൊബൈലിൽ പകർത്തിയിരുന്നു.

കുട്ടികളെ പറഞ്ഞയച്ചപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന വിദ്യാർത്ഥിനിയുടെ മൊബൈൽനമ്പർ വാങ്ങിയ പ്രതി അൽപ്പസമയത്തിന് ശേഷം ഫോണിൽ വിളിച്ച് സ്‌കൂൾ സമയം കഴിഞ്ഞ് കറങ്ങിനടക്കുന്ന ദൃശ്യങ്ങൾ സ്‌കൂൾ അധികൃതർക്കും രക്ഷിതാക്കൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടർന്ന് പെൺകുട്ടിയെ കാമ്പസിനകത്ത് കാടുപിടിച്ചുകിടക്കുന്നിടത്തേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട പെൺകുട്ടി ബന്ധുവിനെ വിവരമറിയിച്ചു. കാര്യമറിഞ്ഞ മാതാപിതാക്കൾ തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകി. അതേ സമയം സമാനമായ രീതിയിൽ പ്രതി മറ്റു കുട്ടികളെ പീഡിപ്പിക്കാൻ ശ്രമിച്ചതായും പൊലീസിന് സൂചനകൾ ലഭിച്ചിട്ടുണ്ട്. പലരും മാനഹാനി ഭയന്ന് പരാതി നൽകാതിരിക്കുകയാണെന്ന സംശയങ്ങളുമുണ്ട്. ഇതിനാൽ പ്രതിക്കെതിരെ കൂടുതൽ അന്വേഷണങ്ങൾ പൊലീസിന്റെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ട്. പോക്‌സോ പ്രകാരമാണ് കേസ്. പ്രതിയെ പരപ്പനങ്ങാടി മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.